Football in Malayalam

മെസി പിഎസ്‌ജിയിലെത്തിയാലും എംബാപ്പെ ക്ലബ് വിടില്ലെന്ന് പോച്ചട്ടിനോ

Sreejith N
FBL-EUR-C1-PSG-BARCELONA
FBL-EUR-C1-PSG-BARCELONA / FRANCK FIFE/Getty Images
facebooktwitterreddit

ബാഴ്‌സലോണ വിടുന്ന ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയാലും എംബാപ്പെ ക്ലബ് വിടുമെന്ന് അതിനർത്ഥമില്ലെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ലാലിഗ നിയന്ത്രണങ്ങൾ മൂലം മെസിക്കു പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബാഴ്‌സലോണ വ്യക്തമാക്കിയതോടെ അർജന്റീന താരവുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വളരെയധികം ശക്തമായിരുന്നു.

കോവിഡ് മഹാമാരി ക്ലബുകൾക്ക് വളരെയധികം സാമ്പത്തിക പ്രതിസന്ധി നൽകിയിരിക്കുന്ന ഈ സമയത്ത് മെസിയെ സ്വന്തമാക്കാൻ കഴിയുന്ന യൂറോപ്പിലെ വളരെ ചുരുക്കം ക്ലബുകളിലൊന്നാണ് പിഎസ്‌ജി. മെസിയിൽ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് പിഎസ്‌ജി നേതൃത്വം മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ അർജന്റീന താരം വരുന്ന സീസണിൽ കളത്തിലിറങ്ങുക ഫ്രാൻസിലായിരിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു പോച്ചട്ടിനോ.

"ഞാൻ മെസിയുമായി ഇതുവരെയും സംസാരിച്ചിട്ടില്ല. ഏതൊരു നീക്കവും എംബാപ്പെ ക്ലബ് ക്ലബ് വിടുമെന്ന് അർത്ഥമാക്കുന്നുമില്ല. മെസിയെപ്പോലെ കഴിവുള്ള ഒരു താരം എനിക്ക് താൽപര്യം ഉണ്ടാക്കുന്നുണ്ട്. ക്ലബ് സാധ്യതകളെല്ലാം പരിശോധിച്ചു കൊണ്ടിരിക്കയുമാണ്. എന്നാലിപ്പോൾ അടുത്ത മത്സരത്തെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്," പോച്ചട്ടിനോ പറഞ്ഞു.

"കഴിഞ്ഞ ദിവസം എന്തു സംഭവിച്ചുവെന്നു നമുക്കറിയാം. ക്ലബ് ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ അനുവദിക്കുന്ന കാര്യങ്ങളിലും ക്ലബ് പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്," ഇന്നു ഫ്രഞ്ച് ലീഗിൽ ട്രോയെസിനെതിരെ സീസണിലെ ആദ്യ മത്സരത്തിനിറങ്ങും മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ പോച്ചട്ടിനോ പറഞ്ഞു.

ലയണൽ മെസിയെ സ്വന്തമാക്കാൻ സാധ്യത കൽപ്പിച്ചിരുന്ന മറ്റൊരു ക്ലബായ മാഞ്ചസ്റ്റർ സിറ്റി താരത്തിനായി ശ്രമം നടത്തില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ മെസിയെ ടീമിലെത്തിക്കാൻ പിഎസ്‌ജിക്ക് കൂടുതൽ എളുപ്പമായിട്ടുണ്ട്. അതേസമയം താരത്തിനായി ചെൽസിയും ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit