Football in Malayalam

കളിക്കുന്നില്ലെങ്കിലും സെർജിയോ റാമോസിന്റെ സാന്നിധ്യം പിഎസ്‌ജിക്ക് ഗുണം ചെയ്യുമെന്ന് പോച്ചട്ടിനോ

Sreejith N
Paris Saint-Germain v Stade Brestois 29 - Ligue 1 Uber Eats
Paris Saint-Germain v Stade Brestois 29 - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

നിരന്തരമായ പരിക്കു മൂലം സെർജിയോ റാമോസ് പിഎസ്‌ജിക്കു വേണ്ടി കളത്തിലിറങ്ങുന്നില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്ന് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. പതിനേഴു വർഷം റയൽ മാഡ്രിഡിനു വേണ്ടി കളിക്കുകയും നിരവധി വർഷങ്ങൾ ടീമിന്റെ നായകനായി നിൽക്കുകയും ചെയ്‌ത റാമോസിന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്റെ പരിചയസമ്പത്തുപയോഗിച്ച് പിഎസ്‌ജിയെ സഹായിക്കാൻ കഴിയുമെന്നാണ് പോച്ചട്ടിനോ പറയുന്നത്.

സമ്മർ ജാലകത്തിൽ റയൽ മാഡ്രിഡിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ സെർജിയോ റാമോസ് തുടർച്ചയായ പരിക്കുകൾ മൂലം ഈ സീസണിൽ ആകെ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ ഇറങ്ങിയിട്ടുള്ളത്. റാമോസിനെ വാങ്ങിയത് ഒരു തെറ്റായ തീരുമാനമാണെന്ന് കഴിഞ്ഞ ദിവസം പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ ലിയനാർഡോ വ്യക്തമാക്കിയതിനു പിന്നാലെയാണ് താരത്തെ പിന്തുണച്ച് പോച്ചട്ടിനോ രംഗത്തു വന്നത്.

"താരം ഇപ്പോൾ ടീമിന്റെ ഭാഗമല്ല, പക്ഷെ ഇതുപോലെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തന്റെ പരിചയസമ്പത്ത് ടീമിനു വേണ്ടി നൽകാൻ പതിനേഴു വർഷങ്ങൾ റയൽ മാഡ്രിഡിൽ കളിക്കുകയും ടീമിന്റെ നായകനാവുകയും ചെയ്‌ത റാമോസിന് കഴിയുമെന്നത് വ്യക്തമായ കാര്യമാണ്. സഹതാരങ്ങൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകാനും താരത്തിന് കഴിയും."

"കളിച്ചാലും ഇല്ലെങ്കിലും ഇവിടെ നിൽക്കുന്നത് താരത്തിനും ഗുണം തന്നെയാണ്. പരിക്കു പറ്റുകയോ സസ്‌പെൻഷൻ ലഭിക്കുകയോ ചെയ്യുന്ന താരങ്ങളുടെ കാര്യത്തിലും അതങ്ങിനെ തന്നെയാണ്. ചില സമയങ്ങളിൽ അവർ ഒരുമിച്ച് നിൽക്കുകയും ഒരുമിച്ച് സാധ്യമായ രീതിയിൽ സംഭാവന നൽകുകയും വേണ്ടി വരും. ഒരു പോസിറ്റിവ് റിസൾട്ട് ഉണ്ടാക്കാൻ കൃത്യമായ വിവരങ്ങൾ കൊണ്ടു കഴിയും." പോച്ചട്ടിനോ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫ്രഞ്ച് കപ്പ് മത്സരത്തിൽ നിന്നും പിഎസ്‌ജിയെ പുറത്താക്കിയ നീസിനെതിരെയാണ് അടുത്ത മത്സരമെന്നത് ടീമിന് ഗുണം ചെയ്യുമെന്നും പോച്ചട്ടിനോ പറഞ്ഞു. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാൻ കരുത്തരായ എതിരാളികളെ ലഭിക്കുന്നത് സഹായിക്കുമെന്നാണ് പോച്ചട്ടിനോ പറയുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit