എംബാപ്പെ കരാർ പുതുക്കുമെന്ന് നേരത്തെ അറിയുമായിരുന്നത് ഒരൊറ്റ പിഎസ്‌ജി താരത്തിനു മാത്രമെന്ന് പോച്ചട്ടിനോ
By Sreejith N

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ കരാർ പുതുക്കുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നത് ഒരൊറ്റ പിഎസ്‌ജി താരത്തിനു മാത്രമായിരുന്നുവെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. താനും മറ്റു പിഎസ്‌ജി താരങ്ങളും അര മണിക്കൂർ മുൻപ് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെങ്കിലും എംബാപ്പയുടെ അടുത്ത സുഹൃത്തായ അഷ്‌റഫ് ഹക്കിമിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"എംബാപ്പയുടെ തീരുമാനം എനിക്ക് ആശ്ചര്യമൊന്നും ഉണ്ടാക്കിയില്ല. താരം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അത് അവസാനമേ ഉണ്ടാവുകയുള്ളൂവെന്നും ഞങ്ങൾ വിശ്വസിച്ചിരുന്നു. എംബാപ്പെ കരാർ പുതുക്കുമെന്ന് കാര്യം അര മണിക്കൂർ മുൻപാണ് ഞാൻ അറിഞ്ഞത്. താരവുമായി അത്രയും അടുത്തു നിന്നിട്ടും അവസാന തീരുമാനം ഞങ്ങൾക്ക് അറിയാനായില്ല." പോച്ചട്ടിനോ പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.
എംബാപ്പയുടെ തീരുമാനം അടുത്ത സുഹൃത്തായ അഷ്‌റഫ് ഹക്കിമിക്ക് അറിയാമായിരുന്നു എന്നു വ്യക്തമാക്കിയ പോച്ചട്ടിനോ റയൽ മാഡ്രിഡിന് താരത്തെ സ്വന്തമാക്കാൻ കഴിയാതിരുന്നത് വലിയ നിരാശ തന്നെയാണെന്നും വ്യക്തമാക്കി. എന്നാൽ ഓരോ തീരുമാനവും തീരുമാനങ്ങൾ തന്നെയാണെന്നും ക്ലബിലും അതിലുള്ള ആളുകൾക്കും ഫ്രഞ്ച് ലീഗിനും അത് വളരെ ഉപകാരപ്പെടുമെന്നും വ്യക്തമാക്കി.
2025 വരെയാണ് എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയത്. താരത്തിനായി പിഎസ്‌ജി വാഗ്‌ദാനം ചെയ്‌ത പ്രതിഫലവും മറ്റു വിവരങ്ങളും ഇതുവരെയും കൃത്യമായി ലഭിച്ചിട്ടില്ല. ഈ സീസണിൽ ക്ലബിന്റെ ടോപ് സ്കോററായ എംബാപ്പെ തുടരുന്നതോടെ അടുത്ത സീസണിൽ യൂറോപ്യൻ കിരീടം സ്വന്തമാക്കാനുള്ള പിഎസ്‌ജിയുടെ സാധ്യതകൾ ഒന്നുകൂടി വർധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.