റയൽ മാഡ്രിഡിന് 'എംബാപ്പെ' മുന്നറിയിപ്പുമായി പോച്ചട്ടിനോ, മത്സരഫലം താരത്തിന്റെ ഭാവിയെ സ്വാധീനിക്കില്ലെന്നും പരിശീലകൻ


പിഎസ്ജിയും റയൽ മാഡ്രിഡും തമ്മിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ദിവസങ്ങൾക്കകം ഏറ്റുമുട്ടാനിരിക്കെ താരത്തെ മുന്നേറ്റനിരയിലെ ഏതു പൊസിഷനിൽ വേണമെങ്കിലും കളിപ്പിച്ചേക്കാമെന്ന മുന്നറിയിപ്പു നൽകി പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ. ആക്രമണനിരയിൽ എവിടെ കളിപ്പിച്ചാലും വളരെയധികം അപകടകാരിയായി മാറുന്ന താരത്തിന് കളിക്കളത്തിൽ സ്വാതന്ത്ര്യം നൽകുമെന്നും പോച്ചട്ടിനോ വ്യക്തമാക്കി.
"കിലിയൻ മുന്നേറ്റനിരയിലെ ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്ന താരമാണ്. താരത്തെ ഒരു പൊസിഷനിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുമെന്ന് തോന്നുന്നില്ല. കൂടുതൽ സ്വാതന്ത്ര്യം താരം ആവശ്യപ്പെടുന്നു, ഞങ്ങളത് ഇഷ്ടപ്പെടുന്നത്. കളിക്കളത്തിൽ സ്വാതന്ത്ര്യം ലഭിച്ചാൽ താരത്തിന് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയും. ഇടതുവശത്തും വലതുവശത്തും മധ്യത്തിലും വിനാശകാരിയാകാൻ കഴിയുന്ന താരത്തെ പിന്തുണക്കേണ്ടതുണ്ട്."
Paris Saint-Germain coach Mauricio Pochettino says he does not believe Kylian Mbappe's future will be influenced by their Champions League last 16 tie with Real Madridhttps://t.co/QyHBIj9jpJ#AFPSports
— AFP News Agency (@AFP) February 11, 2022
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഇരുടീമുകളും തമ്മിലുള്ള മത്സരം വന്നതും അതിലെ ഫലവും എംബാപ്പയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനത്തെ സ്വാധീനിക്കുമെന്നു കരുതുന്നില്ലെന്നും പോച്ചട്ടിനോ പറഞ്ഞു. ഈ സീസണോടെ പിഎസ്ജി കരാർ അവസാനിക്കുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യത വളരെ കൂടുതലാണെന്നിരിക്കെയാണ് ഈ മത്സരങ്ങൾ അതിനെ സ്വാധീനിക്കില്ലെന്ന് ഫ്രഞ്ച് പരിശീലകൻ വ്യക്തമാക്കിയത്.
"ഒരു മത്സരം ഇതുപോലെയുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുമെന്നു ഞാൻ കരുതുന്നില്ല. ബുദ്ധിയുള്ള, വളരെ പക്വതയുള്ള താരത്തിന് എല്ലാം വിശകലനം ചെയ്യാനും എന്താണ് തന്റെ ഭാവിക്ക് വേണ്ടതെന്നും തിരഞ്ഞെടുക്കാനും കഴിയും."
"ഏറ്റവും മികച്ച വഴിയേതെന്നു തിരഞ്ഞെടുക്കാൻ താരത്തിന് നിർദ്ദേശം നൽകുന്ന നിരവധി പേർ എംബാപ്പക്കു ചുറ്റുമുണ്ട്. അതിനാൽ തന്നെ ഇതൊരു വിഷയമായി ഞാൻ കരുതുന്നില്ല. താരം വളരെ ശാന്തനായി, പിഎസ്ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താനാണ് താരം ശ്രദ്ധിക്കുന്നത്. അവനെ ബഹുമാനിക്കണം. ഈ മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം താരം ഒരു തീരുമാനമെടുക്കും." പോച്ചട്ടിനോ മാധ്യമങ്ങളോട് വ്യക്തമാക്കി.
റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ നിൽക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിനെതിരെ കളിക്കുന്നു എന്നതിനൊപ്പം മുൻ ബാഴ്സ നായകനായ ലയണൽ മെസി റയലിനെതിരെ ഇറങ്ങുന്നുവെന്ന പ്രത്യേകത കൂടി മത്സരത്തിനുണ്ട്. മുൻ റയൽ നായകനായ റാമോസും ഇപ്പോൾ പിഎസ്ജിയിൽ ആണെങ്കിലും താരം പരിക്കു മൂലം കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.