എംബാപ്പയുമായി കരാർ ചർച്ചകൾ നടക്കുന്നു, താരം അടുത്ത മത്സരത്തിൽ ടീമിനെ നയിച്ചേക്കുമെന്നും പോച്ചട്ടിനോ

Pochettino Says Best For Mbappe To Stay With PSG
Pochettino Says Best For Mbappe To Stay With PSG / Marcio Machado/GettyImages
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും താരം ക്ലബിനൊപ്പം തുടരുമെന്ന പ്രതീക്ഷയുണ്ടെന്നും വെളിപ്പെടുത്തി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ക്ലെർമണ്ട് ഫൂട്ടിനെതിരെ നടക്കുന്ന ലീഗ് മത്സരത്തിൽ എംബാപ്പെ ടീമിന്റെ നായകനാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഈ സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പെ അതിനു ശേഷം റയൽ മാഡ്രിഡിലേക്കുള്ള തന്റെ സ്വപ്‌നട്രാൻസ്‌ഫർ പൂർത്തിയാക്കും എന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ റയൽ മാഡ്രിഡുമായി ഇതുവരെയും താരം പ്രീ കോണ്ട്രാക്റ്റ് ഒപ്പു വെച്ചിട്ടില്ലാത്തതിനാൽ വലിയ വാഗ്‌ദാനവുമായി പിഎസ്‌ജി കരാർ പുതുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.

"എംബാപ്പെ പിഎസ്‌ജിയിൽ തന്നെ തുടരുന്നതു സാധ്യമാണോ? തീർച്ചയായും അതെ. കിലിയനോടു നിങ്ങൾക്ക് നേരിട്ടു തന്നെ ഇക്കാര്യം ചോദിക്കാം. ഒരു പരിശീലകനെന്ന നിലയിൽ ഞങ്ങൾക്കു വേണ്ടത് ക്ലബിനും കിലിയനും നല്ലതു സംഭവിക്കുകയെന്നതാണ്. ക്ലബിന് കിലിയൻ തുടരുന്നതാണു നല്ലത്. താരത്തിനും അതാണു നല്ലത്. ചർച്ചകൾ നടക്കുന്നുണ്ട്."

മാർക്വിന്യോസ് പരിക്കു മൂലം പുറത്തായതിനാൽ ടീമിന്റെ നായകനായി പരിഗണിക്കുന്നവരിൽ എംബാപ്പയുമുണ്ടെന്നും മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കേ പോച്ചട്ടിനോ വ്യക്തമാക്കി. "കിലിയനും ഞങ്ങളുടെ പരിഗണനയിലുണ്ട്, മറ്റുള്ള താരങ്ങൾ ഉള്ളതു പോലെത്തന്നെ." പോച്ചട്ടിനോ വ്യക്തമാക്കി.

ഈ സീസണിൽ ഇനി ലീഗ് കിരീടം മാത്രം പ്രതീക്ഷയുള്ള പിഎസ്‌ജി കഴിഞ്ഞ മത്സരത്തിൽ ലോറിയന്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കീഴടക്കിയതിനു ശേഷമാണ് ഇന്നു രാത്രി നടക്കുന്ന മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ എംബാപ്പെ തന്നെയാണ് ടീമിന്റെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.