ക്ലബ് വിടാൻ പോച്ചട്ടിനോ മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങൾ പിഎസ്ജിക്ക് തലവേദന സൃഷ്ടിക്കുന്നു


പരിശീലകസ്ഥാനത്തു നിന്നും മൗറീസിയോ പോച്ചട്ടിനോയെ ഒഴിവാക്കാനുള്ള പിഎസ്ജിയുടെ നീക്കങ്ങൾ അനിശ്ചിതത്വത്തിൽ തുടരുന്നു. ക്ലബിൽ നിന്നും പുറത്തു പോകാൻ അർജന്റീനിയൻ പരിശീലകൻ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് പിഎസ്ജിക്ക് തലവേദന സൃഷ്ടിക്കുന്നത്.
കിലിയൻ എംബാപ്പെ കരാർ പുതുക്കിയതിനു പിന്നാലെയാണ് സ്പോർട്ടിങ് ഡയറക്റ്റർ സ്ഥാനത്തു നിന്നും ലിയനാർഡോയെയും പരിശീലകസ്ഥാനത്തു നിന്നും പോച്ചട്ടിനോയെയും മാറ്റാനുള്ള ശ്രമങ്ങൾ പിഎസ്ജി ആരംഭിച്ചത്. ലിയനാർഡോക്കു പകരം ലൂയിസ് കാമ്പോസ് വന്നെങ്കിലും പോച്ചട്ടിനോയെ ഇപ്പോഴും ഒഴിവാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല.
മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം പുറത്താക്കുന്നതിനുള്ള നഷ്ടപരിഹാരത്തിനു പുറമെ കരാറിൽ ബാക്കിയുള്ള ഒരു വർഷത്തെ പ്രതിഫലം തനിക്കും മറ്റു കോച്ചിങ് സ്റ്റാഫുകൾക്കും നൽകണമെന്നാണ് പോച്ചട്ടിനോ ആവശ്യപ്പെടുന്നത്. ഈ തുക മറ്റൊരു ക്ലബ്ബിനെ ഏറ്റെടുക്കുന്നതു വരെ മാസംതോറും നൽകണമെന്നും പോച്ചട്ടിനോ മുന്നോട്ടു വെക്കുന്നു.
അതേസമയം ഈ ആവശ്യം പിഎസ്ജിക്ക് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. പോച്ചട്ടിനോക്ക് നൽകാനുള്ള തുക മുഴുവൻ നൽകാൻ തന്നെ തയ്യാറല്ലാത്ത അവർ അതു കുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ ഇടയിലാണ് അദ്ദേഹം തന്റെ ആവശ്യങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നത്.
പോച്ചട്ടിനോ ക്ലബ് വിടാൻ വൈകുന്നതിനാൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കാൻ പിഎസ്ജിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. നീസ് പരിശീലകനായിരുന്ന ക്രിസ്റ്റഫെ ഗാൾട്ടിയറിനെയാണ് പിഎസ്ജി അടുത്ത സീസണിലേക്ക് ടീമിനെ നയിക്കാൻ ക്ലബിലെത്തിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.