റീംസിനെതിരായ മത്സരത്തിൽ എംബാപ്പയെ പിൻവലിച്ചതിനെ കാരണം വെളിപ്പെടുത്തി പോച്ചട്ടിനോ
By Sreejith N

ഏറെ നാളുകൾക്ക് ശേഷം പിഎസ്‌ജി ആധികാരികമായ പ്രകടനം ഫ്രഞ്ച് ലീഗിൽ നടത്തിയ മത്സരമായിരുന്നു റീംസിനെതിരെ ഇന്നലെ നടന്നത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയ മത്സരത്തിൽ സെർജിയോ റാമോസ് ഫ്രഞ്ച് ക്ലബിനായി തന്റെ ആദ്യഗോൾ കണ്ടെത്തിയതിനു പുറമെ ലയണൽ മെസി ഒരു മാസത്തിനു ശേഷം കളത്തിലിറങ്ങിയെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
അതേസമയം ടീമിലെ പ്രധാനതാരമായ കിലിയൻ എംബാപ്പെ മത്സരത്തിൽ മുഴുവൻ സമയവും കളിച്ചില്ലെന്നത് ആരാധകരിൽ ആശങ്ക ഉയർത്തിയ സംഭവമായിരുന്നു. നേരത്തെ പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന താരം ആദ്യ ഇലവനിൽ ഇറങ്ങി എങ്കിലും എഴുപത്തിയേഴാം മിനുട്ടിൽ ജൂലിയൻ ഡ്രാക്സ്ലർ താരത്തിനു പകരക്കാരനായി എത്തിയിരുന്നു. ഇതേതുടർന്ന് എംബാപ്പെ പരിക്കിന്റെ പിടിയിലാണോയെന്ന സംശയങ്ങളെ പരിശീലകനായ പോച്ചട്ടിനോ തന്നെ ദൂരീകരിച്ചു.
⚽️⚽️ Relive the best moments of our victory ? Reims ⚽️⚽️
— Paris Saint-Germain (@PSG_English) January 23, 2022
#PSGSDR
pic.twitter.com/hO9z540ENZ
"എംബാപ്പയെ സംബന്ധിച്ചിടത്തോളം ഈയാഴ്‌ച താരത്തെ ഒഴിവാക്കിയതാണ് എങ്കിലും താരത്തിന് സുഖം തോന്നിയതു കൊണ്ടാണ് ഇറക്കിയത്. എന്നാൽ ഒരു മണിക്കൂറിനു ശേഷം താരത്തിന് താളം നഷ്‌ടമാവുകയും ക്ഷീണിതനായി കാണപ്പെടുകയും ചെയ്‌തു. കൂടുതൽ അപകടമൊന്നും ഉണ്ടാവാതിരിക്കാൻ ഞങ്ങൾ താരത്തെ പിൻവലിക്കുകയായിരുന്നു." മത്സരത്തിനു ശേഷം എൽ എക്വിപ്പെയോട് സംസാരിക്കുമ്പോൾ പോച്ചട്ടിനോ പറഞ്ഞു.
റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനുണ്ട് എന്നതിനാലാണ് എംബാപ്പയുടെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നത്. ഫെബ്രുവരി പതിനഞ്ചിനു രാത്രി നടക്കുന്ന മത്സരത്തിൽ മെസി, എംബാപ്പെ, നെയ്‌മർ, സെർജിയോ റാമോസ് എന്നീ താരങ്ങളെല്ലാം കളത്തിലുണ്ടാകും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
റാമോസിനു പുറമെ മാർകോ വെറാറ്റി, ഡാനിലോ പെരേര എന്നിവർ പിഎസ്‌ജിക്കു വേണ്ടി ഇന്നലെ ഗോളുകൾ കണ്ടെത്തിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള നീസിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിലാണ് പിഎസ്‌ജി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.