Football in Malayalam

മോശം പ്രകടനത്തിൽ പോലും മെസി, നെയ്‌മർ, എംബാപ്പെ എന്നീ താരങ്ങളെ പിൻവലിക്കേണ്ട ആവശ്യമില്ലെന്ന് പോച്ചട്ടിനോ

Sreejith N
Paris Saint-Germain v Manchester City: Group A - UEFA Champions League
Paris Saint-Germain v Manchester City: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

ചിലപ്പോൾ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പോലും മെസി. നെയ്‌മർ, എംബാപ്പെ തുടങ്ങിയ പിഎസ്‌ജി മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളെ കളിക്കളത്തിൽ നിന്നും പിൻവലിക്കേണ്ട കാര്യമില്ലെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. മികച്ച കഴിവുള്ള ഈ താരങ്ങൾക്ക് മത്സരത്തിന്റെ ഏതു മിനുട്ടിൽ വേണമെങ്കിലും വ്യത്യാസം വരുത്താൻ കഴിയുമെന്നാണ് പിഎസ്‌ജി പരിശീലകൻ പറയുന്നത്.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തോടെ മറ്റൊരു ക്ലബിനുമില്ലാത്ത തരത്തിൽ സൂപ്പർതാരങ്ങളുടെ സാന്നിധ്യം പിഎസ്‌ജി ടീമിലുണ്ട്. ഇത്രയും വമ്പൻ താരങ്ങൾ ഒരുമിച്ച് ആദ്യ ഇലവനിൽ കളിക്കുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും തന്റെ പരീക്ഷണം നിർത്താൻ പോച്ചട്ടിനോ തയ്യാറല്ലെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയോടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

"അവർ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്, അവരെ എന്തിനാണ് കളിക്കളത്തിൽ നിന്നും പിൻവലിക്കുന്നത്. നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ അവർ കളിച്ചില്ലെങ്കിലും ഏതു സമയത്തും നിർണായകശക്തിയാവാൻ അവർക്കു കഴിയും. അതു കൊണ്ടാണ് ഈ ക്ലബ് അവരെ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള സാമ്പത്തിക ശ്രമങ്ങൾ നടത്തിയത്. ഈ താരങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ കഴിയില്ല, അവർ വ്യത്യസ്തരാണ്." പോച്ചട്ടിനോ പറഞ്ഞു.

അതേസമയം പിഎസ്‌ജി ഒരു താരത്തെ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അവർ ക്ലബിൽ നിലനിൽക്കുന്ന ഘടനയുമായി ഇണങ്ങിച്ചേരാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌ജിയുടെ ലക്‌ഷ്യം ഒരു പ്രോജക്റ്റ് ഉണ്ടാക്കുകയല്ല, മറിച്ച് ചാമ്പ്യൻസ് ലീഗ് അടക്കം എല്ലാ കിരീടങ്ങളും നേടുകയാണെന്നും അതു മനസിലാക്കി ടീമുമായി ഇണങ്ങിച്ചേരുകയാണ് താരങ്ങൾ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റർനാഷണൽ ബ്രേക്കിനു ശേഷമുള്ള പിഎസ്‌ജിയുടെ ആദ്യത്തെ മത്സരം നാന്റസിനെതിരെയാണ്. എംബാപ്പെ, മെസി തുടങ്ങിയ താരങ്ങൾ മത്സരത്തിനുള്ള ടീമിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുമ്പോൾ നെയ്‌മർ സ്‌ക്വാഡിൽ ഉണ്ടാവില്ലെന്നുറപ്പാണ്. തുടക്കേറ്റ പരിക്ക് താരത്തിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള ചാമ്പ്യൻസ് ലീഗ് മത്സരവും നഷ്ടപ്പെടുത്തുമെന്നാണ് വിവരം.

facebooktwitterreddit