Football in Malayalam

ലില്ലെക്കെതിരായ മത്സരത്തിൽ മെസിയെ പിൻവലിച്ചതിന്റെ കാരണം വെളിപ്പെടുത്തി പോച്ചട്ടിനോ

Sreejith N
Paris Saint Germain v Lille OSC - Ligue 1 Uber Eats
Paris Saint Germain v Lille OSC - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ലില്ലെക്കെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെസിയെ പിൻവലിച്ചതിനെ കാരണം വ്യക്തമാക്കി പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. പിഎസ്‌ജി ഒരു ഗോളിനു പിന്നിൽ നിന്ന ആദ്യ പകുതി അവസാനിച്ച് രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ അർജന്റീനിയൻ നായകനെ പിൻവലിച്ച പോച്ചട്ടിനോ ഇകാർഡിയെയാണ് കളത്തിലിറക്കിയത്.

മെസിയെ പിൻവലിച്ച തീരുമാനം ആരാധകരിൽ പലരുടെയും നെറ്റി ചുളിപ്പിച്ചെങ്കിലും മത്സരത്തിൽ അതിനു ശേഷം പിഎസ്‌ജി തിരിച്ചു വന്നു. മാർക്വിന്യോസ്, ഏഞ്ചൽ ഡി മരിയ എന്നിവർ നേടിയ ഗോളുകളിലൂടെ സ്വന്തം മൈതാനത്ത് വിജയം നേടാനും അവർക്കായി. അതേസമയം പരിക്കിന്റെ ഭീഷണിയിലുള്ള മെസിയെ പിൻവലിച്ചത് മുൻകരുതലിന്റെ ഭാഗമായാണെന്ന് മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞു.

"ഞങ്ങൾ കാത്തിരിക്കേണ്ടതുണ്ട്, ഞങ്ങൾ ഡോക്ടറുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. അതൊരു മുൻകരുതലാണ്. മെസിക്ക് മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല എങ്കിലും അതൊരു വലിയ പ്രശ്‌നമല്ല. താരത്തെ അടുത്ത മത്സരത്തിൽ ലഭ്യമാകും." മത്സരത്തിനു ശേഷം ആമസോൺ പ്രൈമിനോട് സംസാരിക്കുമ്പോൾ പോച്ചട്ടിനോ പറഞ്ഞു.

ഇകാർഡിയെപ്പോലൊരു നമ്പർ നയൻ താരമാണോ പിഎസ്‌ജിക്കു കൂടുതൽ ചേരുകയെന്ന ചോദ്യത്തിന് പോച്ചട്ടിനോയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ആദ്യപകുതിയിൽ അതായിരുന്നില്ല പ്രശ്‌നമെന്നു ഞാൻ കരുതുന്നു. ലില്ലെക്ക് ഞങ്ങളെ നന്നായി അറിയാമായിരുന്നു. മത്സരം നിയന്ത്രിച്ച് ഞങ്ങളുടെ മുന്നേറ്റനിരക്ക് കൂടുതൽ പന്തെത്തിക്കാൻ ടീമിനു കഴിഞ്ഞിട്ടില്ല. ഒരൊറ്റ താരമോ പൊസിഷനോ അതിൽ മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല."

"മൊത്തത്തിൽ നോക്കുമ്പോൾ ഞങ്ങൾ വിജയം അർഹിച്ചിരുന്നു. വ്യത്യസ്ഥമായ ശൈലികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ത്രീ മാൻ ഡിഫെൻസും കളിപ്പിക്കാവുന്നതാണ്. ഈ സിസ്റ്റവുമായി ഞങ്ങൾക്ക് ഇണങ്ങിച്ചേരാൻ കഴിയും, എന്നാൽ എല്ലാത്തിനോടും വഴക്കമുണ്ടാവുന്നതും നല്ലതാണ്. ചിലപ്പോൾ ആദ്യത്തെ പദ്ധതി ശരിയായില്ലെങ്കിൽ അതു മാറ്റാൻ വ്യത്യസ്ത സ്വഭാവമുള്ള താരങ്ങൾ ടീമിലുണ്ടെന്നത് ഗുണകരമാണ്. എന്നാലത്തിൽ കൂടുതൽ പണിയെടുക്കേണ്ടതുണ്ട്." പോച്ചട്ടിനോ പറഞ്ഞു.

facebooktwitterreddit