ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിലെ പ്രധാന ആശങ്ക വെളിപ്പെടുത്തി പോച്ചട്ടിനോ


ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഏവരും കാത്തിരിക്കുന്ന മത്സരം ഏതാണെന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും മറുപടി പറയുക റയൽ മാഡ്രിഡും പിഎസ്‌ജിയും തമ്മിലുള്ള പോരാട്ടമെന്നായിരിക്കും. ലയണൽ മെസിയും റാമോസും ഒരു ടീമിൽ റയൽ മാഡ്രിഡിനെതിരെ കളിക്കുന്നതിന് ഒരു ചാമ്പ്യൻസ് ലീഗ് മത്സരമെന്നതിലുപരി മറ്റു പല മാനങ്ങളുമുണ്ട്.
അതേസമയം ലോകത്തെമ്പാടും കോവിഡ് വ്യാപനം രൂക്ഷമായത് മത്സരത്തിന്റെ നിറം കെടുത്തുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. ഇന്നലെ ലിയോണിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു ശേഷം പിഎസ്‌ജി പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയും അതു സൂചിപ്പിക്കുകയുണ്ടായി.
"ഒരു മാസത്തിനു ശേഷം ഉണ്ടാകാൻ പോകുന്ന സാഹചര്യങ്ങൾ എങ്ങിനെയാകുമെന്ന് നമുക്കറിയില്ല. ഒരു പ്രത്യേകതരം കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഓരോ ദിവസവുമായും ഇണങ്ങിച്ചേരുക എന്നതാണ് ആകെ ചെയ്യാനുള്ളത്. അത് ഞങ്ങൾക്കു മാത്രമല്ല, എല്ലാ ടീമുകൾക്കും അങ്ങിനെ തന്നെയാണ്." പോച്ചട്ടിനോ പറഞ്ഞു.
ലിയോണിനെതിരെയും കോവിഡ് മൂലം ഏതാനും താരങ്ങൾ ഇല്ലാതെയാണ് പിഎസ്‌ജി ഇറങ്ങിയത്. കോവിഡ് ഭേദമായെങ്കിലും മുൻകരുതൽ എന്ന നിലയിൽ ലയണൽ മെസിയെയും കോവിഡ് മൂല ഐസൊലേഷനിലായ ഏഞ്ചൽ ഡി മരിയയും മത്സരത്തിന് ഇറങ്ങാതിരുന്ന പ്രധാന താരങ്ങളാണ്.
റയലിനെതിരായ മത്സരത്തിനു മുൻപ് ഏതാനും നിർണായക പോരാട്ടങ്ങൾ കൂടി പിഎസ്‌ജിക്കുണ്ട്. അടുത്ത മത്സരം മുതൽ പിഎസ്‌ജി നിരയിൽ ലയണൽ മെസി കൂടിയുണ്ടാകും എന്നത് അവർക്ക് കൂടുതൽ പ്രതീക്ഷയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.