ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി നിരാശപ്പെടുത്തുന്ന സമനില വഴങ്ങിയതിനോടു പ്രതികരിച്ച് പോച്ചട്ടിനോ


ലോകഫുട്ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ മുന്നേറ്റനിര ത്രയവുമായി താരതമ്യേനെ ദുർബലരായ ബ്രൂഗേക്കെതിരെ കളിക്കാൻ ഇറങ്ങിയ പിഎസ്ജി അനായാസമായ വിജയം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും കാര്യങ്ങൾ ഉദ്ദേശിച്ച പോലെയല്ല നടന്നത്. മെസി, നെയ്മർ, എംബാപ്പെ സഖ്യത്തെ ബെൽജിയൻ ക്ലബ് മികച്ച രീതിയിൽ പിടിച്ചു കെട്ടിയതോടെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം 1-1 എന്ന സ്കോറിൽ അവസാനിച്ചു.
എംബാപ്പ നൽകിയ അസിസ്റ്റിൽ ആൻഡർ ഹെരേര തുടക്കത്തിൽ തന്നെ പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും ബ്രൂഗേ നായകനായ ഹാൻസ് വനക്കെൻ അതിനു പിന്നാലെ തന്നെ ആതിഥേയരെ ഒപ്പമെത്തിച്ചു. മെസിയും നെയ്മറുമടങ്ങുന്ന പിഎസ്ജി ടീം മത്സരത്തിലുടനീളം താളം കണ്ടെത്താൻ പരാജയപ്പെട്ടപ്പോൾ ബെൽജിയൻ ക്ലബാണ് കൂടുതൽ ഷോട്ടുകൾ ഉതിർത്തതും.
Lionel Messi's first start for PSG didn't go to plan against Club Bruges...
— BBC Sport (@BBCSport) September 15, 2021
The Belgian side claimed a memorable draw against a side featuring Messi, Kylian Mbappe and Neymar.#bbcfootball
മത്സരത്തിനു ശേഷം ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുമ്പോൾ മുന്നേറ്റനിരയിലെ താരങ്ങൾ കൂടുതൽ മത്സരങ്ങൾ ഒരുമിച്ചു കളിക്കേണ്ടതുണ്ടെന്നാണ് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ അഭിപ്രായപ്പെട്ടത്. ബെൽജിയൻ ക്ലബിന്റെ മുന്നേറ്റത്തെ തടയാൻ ആക്രമണ നിരയിലെ താരങ്ങൾ പ്രതിരോധത്തിൽ സഹായിച്ചതിനെ അദ്ദേഹം അതിനൊപ്പം പ്രശംസിക്കുകയും ചെയ്തു.
"മെച്ചപ്പെടേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. അതെന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. മുന്നേറ്റനിര താരങ്ങൾ പ്രതിരോധത്തിൽ സഹായിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. കൂടുതൽ മേഖലകളിൽ ഞങ്ങൾ കരുത്തരായിരിക്കണം. മത്സരിക്കുകയും, പരസ്പരം മനസിലാക്കുകയും, വിജയത്തിനു വേണ്ടി മൂന്നു പേരും ഒരുമിച്ച് കളിക്കുകയും വേണം. എന്നാൽ ഇന്നത്തെ പ്രശ്നം അതൊന്നുമല്ല." പോച്ചട്ടിനോ ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.
"ഞങ്ങളൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനു വേണ്ട കരുത്തു കാണിച്ചില്ല. ടീമിന്റെ പ്രകടനത്തിലും റിസൽട്ടിലും ഞങ്ങൾ തൃപ്തരല്ല. കൂടുതൽ മെച്ചപ്പെടണമെന്ന് അറിയാം. വളരെ മികച്ച താരങ്ങളുടെ ഒരു കൂട്ടം തന്നെ ഇവിടെയുണ്ട്. ആക്രമണത്തിലും പ്രതിരോധത്തിലും ഒറ്റക്കെട്ടായി നിൽക്കുകയാണു വേണ്ടത്, ഞങ്ങൾക്കു സമയം ആവശ്യമാണ്." പോച്ചട്ടിനോ കൂട്ടിച്ചേർത്തു.
ബാഴ്സയല്ലാതൊരു ക്ലബിനു വേണ്ടി കളിക്കുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്നതിന് ലയണൽ മെസിക്കും കഴിഞ്ഞില്ല. ഒരു വുഡ്വർക്കും എംബാപ്പക്ക് ഒരുക്കി നൽകിയ മനോഹരമായൊരു ഗോളവസരവുമാണ് മത്സരത്തിൽ താരം തിളങ്ങിയ നിമിഷങ്ങൾ. കൂടുതൽ മത്സരങ്ങൾ പിന്നിടുന്നതോടെ പിഎസ്ജി താളം കണ്ടെത്തി തുടങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.