മെസിക്ക് ഇന്നു നടക്കാനിരിക്കുന്ന മത്സരവും നഷ്‌ടമാകും, നെയ്‌മറുടെ ഫിറ്റ്നസിനെക്കുറിച്ചും വെളിപ്പെടുത്തി പോച്ചട്ടിനോ

FBL-FRA-LIGUE1-PSG-TRAINING
FBL-FRA-LIGUE1-PSG-TRAINING / BERTRAND GUAY/GettyImages
facebooktwitterreddit

കോവിഡിൽ നിന്നും മുക്തനായെങ്കിലും ലയണൽ മെസിക്ക് പിഎസ്‌ജിക്കൊപ്പമുള്ള ഇന്നത്തെ മത്സരവും നഷ്‌ടമാകും. ബ്രെസ്റ്റോയിസിനെതിരെ ഇന്നു രാത്രി 1.30 നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിൽ മെസി കളിക്കാനിറങ്ങില്ലെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ തന്നെയാണ് സ്ഥിരീകരിച്ചത്. പരിക്കിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന നെയ്‌മറെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

ക്രിസ്‌മസ്‌ അവധി ദിവസങ്ങളിൽ അർജന്റീനയിലേക്ക് തിരിച്ച മെസിക്ക് അവിടെ നിന്നുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റിവായി മൂന്നു ദിവസത്തിനകം തന്നെ നെഗറ്റിവ് പരിശോധനഫലം ലഭിച്ച മെസി അർജന്റീനയിൽ നിന്നും പിഎസ്‌ജിയിലേക്ക് മടങ്ങി പരിശീലനം ആരംഭിച്ചെങ്കിലും ഇതു രണ്ടാമത്തെ മത്സരമാണ് താരത്തിനു നഷ്ടമാകുന്നത്.

"നെയ്‌മർ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പദ്ധതികൾ വളരെ കൃത്യമായി പിന്തുടർന്നു വരുന്നുണ്ട്. ലിയോ വളരെ മെച്ചപ്പെട്ടു എങ്കിലും മെഡിക്കൽ സ്റ്റാഫിന്റെ നിയന്ത്രണത്തിനു കീഴിലാണ് താരമുള്ളത്. വളരെ പെട്ടന്ന് തന്നെ താരം ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്."

"എന്നാൽ ശനിയാഴ്‌ച ബ്രെസ്റ്റിനെതിരെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ താരം കളിക്കാൻ ഉണ്ടാകില്ലെന്ന കാര്യം വ്യക്തമാണ്." മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ അർജന്റീനിയൻ പരിശീലകൻ വ്യക്തമാക്കി.

ഇന്നത്ത മത്സരം നഷ്‌ടമായാലും റീംസിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ മെസി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നെയ്‌മറുടെ തിരിച്ചുവരവ് അതിനേക്കാൾ വൈകും. എന്നാൽ ഫെബ്രുവരിയിൽ റയൽ മാഡ്രിഡിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബ്രസീലിയൻ താരം കളിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.