പിഎസ്ജി വിട്ടാൽ, പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ മൗറിസിയോ പോച്ചട്ടീനോ

പിഎസ്ജി വിടുമ്പോൾ പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാൻ ഫ്രഞ്ച് ക്ലബിന്റെ പരിശീലകനായ മൗറിസിയോ പോച്ചട്ടീനോ തയ്യാറാണെന്ന് റിപോർട്ടുകൾ.
നിലവിൽ പിഎസ്ജിയുമായി ഒരു വര്‍ഷത്തെ കരാര്‍കൂടി ബാക്കിയുള്ള പോച്ചട്ടീനോയുടെ പേര് ഒലെ ഗുണ്ണാർ സോൾഷ്യാറെ പുറത്താക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. നേരത്തെ, പോച്ചട്ടീനോയെയും ടോട്ടൻഹാമിനെയും ചേർത്തും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എന്നാല്‍ ഇറ്റാലിയന്‍ പരിശീലകന് അന്റോണിയോ കോണ്ടെ ടോട്ടന്‍ഹാമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതോടെ, സ്പര്സിലേക്കുള്ള പോച്ചട്ടീനോയുടെ തിരിച്ചുവരവിന്റെ വാതില്‍ അടഞ്ഞു. എന്നാല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെത്തുന്ന സാധ്യത തള്ളിക്കളയാനാവില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടര്‍ തോല്‍വികള്‍ കാരണം സോള്‍ഷ്യാറെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റാന്‍ കടുത്ത സമ്മര്‍ദമാണ് യുണൈറ്റഡ് മാനേജ്മെന്റിന് മേല്‍.
പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാമില്‍ അഞ്ചര വര്‍ഷത്തെയും സൗതാംപ്ടണില്‍ 18 മാസത്തേയും പ്രവൃത്തി പരിചയമുള്ള പോച്ചട്ടീനോ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുന്നതിനുള്ള ശക്തമായ സാധ്യത നിലനില്‍ക്കുന്നതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം, നിലവിൽ പിഎസ്ജിയുമായി കരാറുള്ള പോച്ചട്ടീനോയെ വിട്ട് നൽകാൻ പിഎസ്ജി തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. അതിന് അവർ തയ്യാറാവുകയാണെങ്കിലും, അദ്ദേഹത്തെ റിലീസ് ചെയ്യാനായി വൻ തുക പോച്ചട്ടീനോയിൽ താല്പര്യമുള്ളവർ ഫ്രഞ്ച് ക്ലബിന് നൽകേണ്ടി വരും.
ഫ്രഞ്ച് ലീഗില്‍ 13 മത്സരത്തില്‍ നിന്ന് 34 പോയിന്റുള്ള പി.എസ്.ജി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍. രണ്ടാം സ്ഥാനത്തുള്ള ലെന്‍സിനേക്കാൾ പത്ത് പോയിന്റുകൾക്ക് മുന്നിലാണ് പിഎസ്ജി.