Football in Malayalam

'ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കുക എല്ലാവരുടെയും സ്വപ്‌നമാണ്' - മെസി അഭ്യൂഹങ്ങൾ ആളിക്കത്തിച്ച് പോച്ചട്ടിനോ

Sreejith N
TOPSHOT-FBL-EUR-C1-BARCELONA-PSG
TOPSHOT-FBL-EUR-C1-BARCELONA-PSG / LLUIS GENE/Getty Images
facebooktwitterreddit

ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ആളിക്കത്തിച്ച് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. എല്ലാ പരിശീലകർക്കും ലോകത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടാകുമെന്നാണ് മെസിക്കു വേണ്ടി പിഎസ്‌ജി ശ്രമം നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് അർജന്റീനിയൻ പരിശീലകൻ പ്രതികരിച്ചത്. ഇന്നലെ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ പിഎസ്‌ജി വിജയം നേടിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെസി ബാഴ്‌സലോണ വിടുമെന്ന് ഉറപ്പായതോടെ താരം ചേക്കേറാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ്. ഇതിനു പിന്നാലെയാണ് അർജന്റീന താരത്തോടുള്ള താൽപര്യം പോച്ചട്ടിനോ വ്യക്തമാക്കിയത്. "ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസി, എല്ലാ മാനേജർമാരും ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാൻ സ്വപ്നം കാണുന്നു," പിഎസ്‌ജി പരിശീലകൻ പറഞ്ഞു.

അതേസമയം മെസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഫ്രഞ്ച് ലീഗിലെ ആദ്യത്തെ മത്സരത്തിൽ പിഎസ്‌ജിയെ ബാധിച്ചിട്ടില്ലെന്ന് പോച്ചട്ടിനോ വ്യക്തമാക്കി. "കളിക്കാർ പ്രൊഫഷണൽസാണ്. ഇക്കാലത്ത് സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ സജീവമായി ഉള്ളതുകൊണ്ടു തന്നെ മെസി ബാഴ്‌സലോണക്കൊപ്പം തുടരില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.

"മെസിയുടെ പേര്‌ നിരവധി ക്ലബുകളുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നുണ്ട്. എന്റെ ടീം വളരെ പ്രൊഫഷണൽ ആയ താരങ്ങൾ നിറഞ്ഞ സംഘമാണെന്നും ഇത്തരം വാർത്തകൾ മത്സരത്തെ ബാധിക്കില്ലെന്നും ഞാൻ കരുതുന്നു. ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനം വരെയും അവർ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും," പോച്ചട്ടിനോ പറഞ്ഞു.

പിഎസ്‌ജിയുമായി മെസി കരാർ ഒപ്പിട്ടുവെന്നും ഇല്ലെന്നുമുള്ള നിരവധി റിപ്പോർട്ടുകൾ യൂറോപ്യൻ മാധ്യമങ്ങൾ നൽകുന്നുണ്ട് എങ്കിലും ഇതിലെ യാഥാർഥ്യം ഇതുവരെയും വ്യക്തമല്ല. അതേസമയം ഇപ്പോൾ തന്നെ സൂപ്പർതാരങ്ങളുടെ കൂടായ പിഎസ്‌ജി മെസിയെക്കൂടി സ്വന്തമാക്കിയാൽ അത് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളുടെ പരിധി കടക്കില്ലേയെന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit