'മെസിയെ സ്വന്തമാക്കാനാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'; തുറന്ന് പറഞ്ഞ് മൗറീസിയോ പൊച്ചട്ടീനോ

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ ടീമിലെത്തിക്കാൻ കഴിയുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന്റെ പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോ. എന്നാൽ പി എസ് ജിയിലെത്തിയത് മുതൽ അവിടുത്തെ കാര്യങ്ങളുമായി മെസി വളരെ വേഗം പൊരുത്തപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ പൊച്ചട്ടീനോ, അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം ക്ലബ്ബിൽ പുറത്തെടുക്കുമെന്ന് കരുതുന്നതായും കൂട്ടിച്ചേർത്തു. യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കവെയായിരുന്നു പൊച്ചട്ടീനോ ഇങ്ങനെ പറഞ്ഞത്.
മെസിയെ വിവരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയല്ല താനെന്ന് പറയുന്ന പൊച്ചട്ടീനോ, ലിയോ അർഹിക്കുന്ന യാഥാർത്ഥ്യത്തോട് അടുത്ത് നിൽകുന്ന തരത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ തക്കവണ്ണമുള്ള പദസമ്പത്ത് കൈവശമുള്ള നിരവധി ആളുകളുണ്ടെന്നും സൂചിപ്പിച്ചു. മെസി എക്കാലത്തും ലോകത്തെ ഏറ്റവും മികച്ചവരിലൊരാളായി കണക്കാക്കപ്പെടുമെന്ന് പറയുന്ന പി എസ് ജി ബോസ്, ഫ്രഞ്ച് ക്ലബ്ബിൽ അദ്ദേഹം അതിവേഗം പൊരുത്തപ്പെട്ടതിനെക്കുറിച്ചും മനസ് തുറന്നു.
"അവൻ (മെസി) എക്കാലവും ലോകത്തെ ഏറ്റവും മികച്ചവരിൽ ഒരാളായി കണക്കാക്കപ്പെടും. ഇവിടെ വന്നത് മുതൽ അവൻ വളരെ വേഗത്തിൽ പൊരുത്തപ്പെട്ടു. അവൻ വളരെ നന്നായി പരിശീലിക്കുകയും ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ, കഴിയുന്നത്ര വേഗത്തിൽ തന്റെ ഉയർന്ന തലത്തിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നു." പൊച്ചട്ടീനോ പറഞ്ഞു.
Pochettino never expected to sign Messi but believes Argentine will produce his best at PSG https://t.co/zRdzd51utM pic.twitter.com/tlrimEYRGU
— Goal Africa (@GoalAfrica) September 13, 2021
മെസിയെ സ്വന്തമാക്കുന്നത് സാധ്യമാകുമെന്ന് താനൊരിക്കലും കരുതിയിട്ടില്ലെന്ന് യുവേഫയുടെ വെബ്സൈറ്റിൽ സംസാരിക്കവെ വ്യക്തമാക്കിയ പൊച്ചട്ടീനോ, അർജന്റീനക്കാരായ തങ്ങൾക്ക് രണ്ട് പേർക്കും തമ്മിൽ പരസ്പരം മികച്ച ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടാനും മറന്നില്ല.
"മെസിയെ സ്വന്തമാക്കുക സാധ്യമാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. "
- മൗറീസിയോ പൊച്ചട്ടീനോ
"ഞങ്ങൾ രണ്ടു പേരും അർജന്റീനക്കാരാണ്. ഞങ്ങൾ രണ്ടു പേരും ന്യൂവെൽസിനെ (ഓൾഡ് ബോയ്സ്) പിന്തുണക്കുന്നു. ഞങ്ങൾ രണ്ടു പേരും വരുന്നത് റൊസാരിയോയിൽ നിന്നാണ്. ഏറെക്കാലമായി എതിരാളിയായി വരുമ്പോളൊക്കെ ഞാൻ അദ്ദേഹത്തെ (മെസിയെ) പ്രശംസിച്ചിരുന്നു. അത് കൊണ്ടു തന്നെ ഇപ്പോൾ അദ്ദേഹം ഞങ്ങൾക്കൊപ്പം പരിശീലിക്കുന്നത് വളരെ രസകരമായ കാര്യമാണ്. ഒരുമിച്ച്, ക്ലബ്ബ് ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." പൊച്ചട്ടീനോ പറഞ്ഞു നിർത്തി.