എംബാപ്പയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനം പിഎസ്‌ജി ഫ്രഞ്ച് ലീഗ് കിരീടം നേടിയതിനു ശേഷം അറിയാമെന്ന് പോച്ചട്ടിനോ
By Sreejith N

ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പയുടെ ഭാവിയുമായി ബന്ധപ്പെട്ട തീരുമാനം പിഎസ്‌ജി ലീഗ് വൺ കിരീടം നേടിയതിനു ശേഷം അറിയാമെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമോ അതോ ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരുമോ എന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പോച്ചട്ടിനോയുടെ പ്രതികരണം.
ലെൻസുമായുള്ള ലീഗ് മത്സരത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന പിഎസ്‌ജിക്ക് മത്സരത്തിലെ തോൽവി ഒഴിവാക്കിയാൽ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിക്കാൻ കഴിയും. കഴിഞ്ഞ സീസണിൽ ലില്ലെക്കു മുന്നിൽ കിരീടം അടിയറവു വെച്ചുവെങ്കിലും ഈ സീസനിലിപ്പോൾ അഞ്ചു മത്സരങ്ങൾ ശേഷിക്കെ രണ്ടാം സ്ഥാനക്കാരുമായി പതിനഞ്ചു പോയിന്റിന്റെ വ്യത്യാസത്തിലാണ് പിഎസ്‌ജി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എന്നാൽ സീസണിൽ ടീമിന്റെ ടോപ് സ്കോററായ എംബാപ്പെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ കിരീടനേട്ടത്തിലും നിരാശ സമ്മാനിക്കുന്നുണ്ട്.
Apparently, Pochettino would do anything to keep Mbappe, even take him on holidays.??️https://t.co/7jhEPHO4S6
— beIN SPORTS USA (@beINSPORTSUSA) April 22, 2022
"ഒരു പരിശീലകനെന്ന നിലയിൽ ഈ സാഹചര്യം എനിക്ക് ആശങ്കയൊന്നും നൽകുന്നില്ല. അതു നമ്മൾ മനസിലാക്കണം. ഇതു പാരീസിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല, മറ്റു ക്ലബുകളിലും ഇങ്ങിനെയൊക്കെ നടക്കുന്നുണ്ട്. ആദ്യമായും അവസാനമായുമല്ല ഇങ്ങിനെ നടക്കുന്നത്." ലെൻസുമായുള്ള ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ പോച്ചട്ടിനോ പറഞ്ഞു.
"ഞങ്ങൾ ഇണങ്ങിച്ചേരണം. സ്വാർത്ഥതയോടെ ചിന്തിക്കുകയാണെങ്കിൽ കിലിയനെ എനിക്കൊപ്പം നിർത്താനാണ് താല്പര്യം. തീർച്ചയായും വെക്കേഷനും വീട്ടിലേക്കും താരത്തെ കൊണ്ടുപോകാനും എല്ലാ സമയത്തും കൂടെ നിർത്താനും എനിക്ക് താൽപര്യമുണ്ട്. ക്ലബിനും താരത്തെ വളരെയേറെക്കാലം ഇവിടെ തന്നെ നിലനിർത്താനാണ് താത്പര്യമുള്ളത്." പോച്ചട്ടിനോ വ്യക്തമാക്കി.
"ഇതൊരു കൂടിയാലോചനയാണ്. തീരുമാനം എല്ലായിപ്പോഴും വ്യത്യസ്‌ത ആൾക്കാരുമായി ബന്ധപ്പെട്ടിരിക്കും. കിരീടമെന്ന ലക്ഷ്യത്തിലേക്ക് എത്തിയാലോ സീസൺ പൂർത്തിയായാലോ അതിൽ തീരുമാനമുണ്ടാകും." പോച്ചട്ടിനോ പറഞ്ഞു. ലീഗ് വിജയം നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ആരാധകർ തങ്ങൾക്കൊപ്പം ആഘോഷിക്കാൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.