Football in Malayalam

ലയണൽ മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്ത ആഴ്ച ഉണ്ടാകുമെന്ന പ്രതീക്ഷ പങ്ക് വെച്ച് പോച്ചട്ടീനോ

Ali Shibil Roshan
Pochettino is hopeful Messi can make PSG debut against Reims
Pochettino is hopeful Messi can make PSG debut against Reims / BERTRAND GUAY/Getty Images
facebooktwitterreddit

അടുത്ത ആഴ്ച റെയിംസിനെതിരെ നടക്കുന്ന ലീഗ് വൺ മത്സരത്തിൽ ലയണൽ മെസ്സി പിഎസ്‌ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചേക്കുമെന്ന പ്രതീക്ഷ പങ്ക് വെച്ച് ക്ലബ് പരിശീലകൻ മൗറിസിയോ പോച്ചട്ടീനോ.

എഫ്‌സി ബാഴ്‌സലോണ വിട്ട് രണ്ട് വർഷ കരാറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസ്സി ഫ്രഞ്ച് ക്ലബിന് വേണ്ടി ഇത് വരെയും കളത്തിലിറങ്ങിയിട്ടില്ല. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം ഒരു മാസത്തോളം പരിശീലനം നടത്തിയിട്ടില്ലെന്നത് കൊണ്ടാണ് മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം വൈകുന്നത്. ശാരീരികമായി മെച്ചപ്പെടുത്തുന്നതിനു വേണ്ടി താരം പരിശീലനങ്ങൾ സ്വയം നടത്തികൊണ്ടിരിക്കയാണ് ഇപ്പോൾ.

താരത്തിന്റെ പിഎസ്‌ജി അരങ്ങേറ്റം എന്നാകുമെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെങ്കിലും, എല്ലാം പ്രതീക്ഷിക്കുന്നത് പോലെ നടക്കുകയാണെങ്കിൽ റെയിംസിനെതിരെയുള്ള പിഎസ്‌ജിയുടെ അടുത്ത മത്സരത്തിൽ മെസ്സിക്ക് കളിക്കാനാകുമെന്ന പ്രതീക്ഷ ഫ്രഞ്ച് ക്ലബിന്റെ പരിശീലകൻ പോച്ചട്ടീനോ പങ്ക് വെച്ചു. ലീഗ് വണ്ണിൽ ബ്രെസ്റ്റോയിസിനെ 4-2ന് പരാജയപ്പെടുത്തിയതിന് ശേഷം ഇഎസ്‌പിഎൻ അർജന്റീനയോട് സംസാരിക്കുകയായിരുന്നു പോച്ചട്ടീനോ,

"ലിയോയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ലൊരു ആഴ്ചയാണ്. അടുത്ത ആഴ്ച നീണ്ടതായിരിക്കും, പക്ഷെ എല്ലാം നല്ല രീതിയിൽ പോവുകയാണെങ്കിൽ, അവൻ സ്‌ക്വാഡിൽ ഉണ്ടാകുമെന്നും, [റെയിംസിനെതിരെ] മത്സരത്തിൽ കളിക്കാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," പോച്ചട്ടീനോ പറഞ്ഞു.

അതേ സമയം, പിഎസ്‌ജി താരമായതിന് ശേഷം ഫ്രഞ്ച് ക്ലബിന്റെ മൈതാനത്ത് വെച്ചുള്ള ആദ്യ മത്സരത്തിന് വേണ്ടി മെസ്സി ഇനിയും കാത്തിരിക്കേണ്ടി വരും. സെപ്റ്റംബർ 3, 6, 10 ദിവസങ്ങളിൽ നടക്കുന്ന അർജന്റീനയുടെ 2022 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം സെപ്റ്റംബർ 12ന് ക്ലെർമോട്ട് ഫൂട്ടിനെതിരെയോ, അല്ലെങ്കിൽ സെപ്റ്റംബർ 20ന് ലിയോണിന് എതിരെയോ ആകും പിഎസ്‌ജി താരമെന്ന നിലയിൽ പാർക് ഡെസ് പ്രിൻസെസിലെ മെസ്സിയുടെ ആദ്യ മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit