Football in Malayalam

നാന്റസിനെതിരായ വിജയത്തിനു പിന്നാലെ മെസിയെ പ്രശംസ കൊണ്ടു മൂടി മൗറീസിയോ പോച്ചട്ടിനോ

Sreejith N
Paris Saint Germain v FC Nantes - Ligue 1 Uber Eats
Paris Saint Germain v FC Nantes - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

നാന്റസിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ വിജയം നേടുന്നതിൽ നിർണായക പങ്കു വഹിച്ച ലയണൽ മെസിയെ പ്രശംസിച്ച് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസിയെന്നാണ് പോച്ചട്ടിനോ പറഞ്ഞത്. നാന്റസിനെതിരെ പത്തു പേരായി ചുരുങ്ങിയ പിഎസ്‌ജിയെ വിജയത്തിലെത്തിച്ച രണ്ടു ഗോളുകളുടെയും പിന്നിൽ മെസിയുടെ കാലുകൾ ഉണ്ടായിരുന്നു.

പിഎസ്‌ജിയിൽ വന്നതിനു ശേഷം കളിച്ച അഞ്ചു ലീഗ് വൺ മത്സരങ്ങളിലും ഒരു ഗോൾ പോലും നേടാൻ മെസിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ടീമിനു വേണ്ടി അവസാനത്തെ ഗോളും രണ്ടാമതു പിറന്ന സെൽഫ് ഗോളിലേക്ക് വഴിയൊരുക്കിയ പാസും നൽകിയത് മെസിയുടെ കാലുകളാണ്. ഇതോടെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്‌ജി മത്സരത്തിൽ വിജയം നേടിയത്.

മെസി ലീഗിലെ ഗോൾവരൾച്ച അവസാനിപ്പിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ പോച്ചട്ടിനോയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ലീഗിൽ ഗോൾ നേടാത്തതിൽ താരത്തിന് ആശങ്കയുണ്ടെന്നു ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരു ചാമ്പ്യനാണ്, ലോകത്തിലെ ഏറ്റവും മികച്ച താരവുമാണ്. അതുകൊണ്ടു തന്നെ വിഷമഘട്ടങ്ങളെ എങ്ങിനെ മറികടക്കണം എന്നു താരത്തിനു നന്നായി അറിയാം. ക്ഷമയുള്ള താരമായ അദ്ദേഹം ഗോൾ നേടിയത് സന്തോഷം തന്നെയാണ്," പോച്ചട്ടിനോ പ്രസ് കോൺഫെറൻസിൽ പറഞ്ഞു.

പിഎസ്‌ജി മുന്നേറ്റനിര ഒരുമിച്ച് കളിക്കുന്നതനുസരിച്ച് കൂടുതൽ മികവു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. മെസി, നെയ്‌മർ, എംബാപ്പെ എന്നിവരെ സംബന്ധിച്ച് ഞാൻ എപ്പോഴും പറയുന്നതു പോലെ ഒത്തിണക്കത്തിന്റെയും ഒരുമിച്ച് സമയവും മത്സരങ്ങളും ലഭിക്കേണ്ടതിന്റെയും ആവശ്യമേയുള്ളൂ. പക്ഷെ ടീം മുഴുവൻ നന്നായി കളിച്ചു, ഞങ്ങൾ ആദ്യ പകുതിയിൽ തന്നെ കൂടുതൽ ഗോളുകൾ നേടാതിരുന്നത് മോശമായിപ്പോയി," പോച്ചട്ടിനോ വ്യക്തമാക്കി.

മത്സരം വിജയിച്ചതോടെ പതിനാല് മത്സരങ്ങൾ ലീഗിൽ പൂർത്തിയാക്കിയ പിഎസ്‌ജി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള റെന്നീസിനെക്കാൾ പന്ത്രണ്ടു പോയിന്റ് മുന്നിൽ നിൽക്കുന്ന ടീം ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് കുതിക്കുകയാണ്.


facebooktwitterreddit