റയൽ മാഡ്രിഡ് പരിശീലകനാവാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ നിരസിക്കാൻ പോച്ചട്ടിനോ ഒരുങ്ങുന്നു


റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജരാവാനുള്ള ഓഫർ തഴയാൻ മൗറീസിയോ പോച്ചട്ടിനോ ഒരുങ്ങുന്നു. കഴിഞ്ഞ സീസണിനിടെ തോമസ് ടുഷെലിനു പകരം പിഎസ്ജി പരിശീലകനായി എത്തിയ പോച്ചട്ടിനോ ഈ സീസണു ശേഷം ഫ്രഞ്ച് ക്ലബ് വിടാനുള്ള സാധ്യത വളരെക്കൂടുതലാണ് എന്നിരിക്കെയാണ് അദ്ദേഹം റയൽ മാഡ്രിഡിൽ എത്താനുള്ള സാധ്യത തെളിയുന്നത്.
റയൽ മാഡ്രിഡ് കുറച്ചു മത്സരങ്ങളായി അസ്ഥിരമായ പ്രകടനം നടത്തുന്നതിനാൽ തന്നെ ഈ സീസണു ശേഷം ആൻസലോട്ടി ക്ലബ് പരിശീലകസ്ഥാനത്ത് തുടരുമെന്നതിൽ യാതൊരു ഉറപ്പുമില്ല. സീസണിൽ റയൽ മാഡ്രിഡ് എത്രത്തോളം നേട്ടങ്ങൾ സ്വന്തമാക്കും എന്നതു പരിഗണിച്ചായിരിക്കും ഇറ്റാലിയൻ പരിശീലകനെ ലോസ് ബ്ലാങ്കോസ് നിലനിർത്തുക.
Mauricio Pochettino has been strongly linked to the manager's position at Manchester United but it appears he has rejected their approach ❎️
— SPORTbible (@sportbible) February 26, 2022
He favours a move to Real Madrid... ??https://t.co/qrphHruNqj
ആൻസലോട്ടിയെ റയൽ മാഡ്രിഡ് ഒഴിവാക്കുകയാണെങ്കിൽ അതിനു പകരക്കാരനായി പോച്ചട്ടിനോയെയാണ് റയൽ മാഡ്രിഡ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ്ഞ സീസണു ശേഷം സിനദിൻ സിദാൻ പരിശീലകസ്ഥാനമൊഴിഞ്ഞപ്പോൾ തന്നെ പോച്ചട്ടിനോക്കു വേണ്ടി റയൽ ശ്രമം നടത്തിയെങ്കിലും പിഎസ്ജി വിട്ടു വരാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
എന്നാൽ അടുത്ത സമ്മറിൽ മാനേജറാവാനുള്ള ഓഫറുമായി റയൽ മാഡ്രിഡ് വരികയാണെങ്കിൽ പോച്ചട്ടിനോ അത് നിരസിക്കില്ലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ് അർജന്റീന പരിശീലകനെ അടുത്ത സീസണിൽ ടീമിന്റെ ഭാഗമാക്കാൻ വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നതെങ്കിലും റയലിന്റെ ഓഫർ വന്നാൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴയുമെന്ന കാര്യത്തിൽ സംശയമില്ല.
റയൽ മാഡ്രിഡ് പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ തന്നെ പോച്ചട്ടിനോ വ്യക്തമാക്കിയിട്ടുള്ളതാണ്. ക്ലബ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിനും അദ്ദേഹത്തിൽ വളരെയധികം താൽപര്യമുണ്ട്. അതിനാൽ തന്നെ ആൻസലോട്ടി റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോച്ചട്ടിനോ മോഹം അവസാനിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.