Football in Malayalam

'എംബാപ്പെ ടീമിനു ലഭിച്ച വരദാനം' - റീംസിനെതിരെ ഫ്രഞ്ച് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് പോച്ചട്ടിനോ

Sreejith N
Stade de Reims v Paris Saint Germain - Ligue 1 Uber Eats
Stade de Reims v Paris Saint Germain - Ligue 1 Uber Eats / Aurelien Meunier/Getty Images
facebooktwitterreddit

ഫ്രഞ്ച് ലീഗിൽ റീംസിനെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടി പിഎസ്‌ജിയെ വിജയത്തിലേക്കു നയിച്ച കെയ്‌ലിയൻ എംബാപ്പയെ പ്രശംസിച്ച് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ലയണൽ മെസി പകരക്കാരനായിറങ്ങി ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ താരമായത് എംബാപ്പയായിരുന്നു. ഇരുപകുതികളിലുമായാണ് ഫ്രഞ്ച് താരം ടീമിനു വേണ്ടി ഗോളുകൾ നേടിയത്.

റയൽ മാഡ്രിഡിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിന്നിരുന്ന ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എംബാപ്പെ പിഎസ്‌ജിക്കു വേണ്ടി കളത്തിലിറങ്ങിയതും ഇരട്ടഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതും. എംബാപ്പെ പിഎസ്‌ജിയുടെ താരമാണെന്നും താരവുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞു.

"എംബാപ്പെ ഞങ്ങളുടെ താരമാണ്. പക്ഷെ നിങ്ങൾക്ക് ബിസിനസ് എന്താണെന്ന് അറിയാമല്ലോ, അതു മുഴുവൻ അഭ്യൂഹങ്ങൾ കൊണ്ടു നിറഞ്ഞതായിരിക്കും. ഞങ്ങളുടെ പ്രസിഡന്റും ഡയറക്‌ടറും ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയതാണ്. എംബാപ്പെ ഞങ്ങൾക്കൊപ്പമുണ്ട്, താരമുള്ളതിൽ ഞങ്ങൾ സന്തുഷ്ടരാണ്. വളരെ പ്രധാനപ്പെട്ട താരമായ എംബാപ്പെ ഞങ്ങൾക്കൊപ്പമുള്ളത് ഒരു വരദാനമാണ്," ആമസോൺ പ്രൈമിനോട് പോച്ചട്ടിനോ പറഞ്ഞു.

ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി ആദ്യത്തെ മത്സരം കളിച്ച മാർക്വിന്യോസും എംബാപ്പയെ പ്രശംസിച്ചു. താരത്തിന്റെ ഭാവിയെക്കുറിച്ച് ഞങ്ങൾ ചോദിച്ചിട്ടില്ലെന്നും എല്ലായിപ്പോഴും ഗോളുകളിൽ കണ്ണുവെക്കുന്ന താരം ടീമിലുള്ളത് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും മാർക്വിന്യോസ് പറഞ്ഞു. വളരെ മികച്ച ആക്രമണനിരയാണ് പിഎസ്‌ജിയുടേതെങ്കിലും ടീമിനെ കഴിവുറ്റതാക്കുന്നത് പ്രധാനമാണെന്നും ബ്രസീലിയൻ താരം പറഞ്ഞു.

എംബാപ്പെ പിഎസ്‌ജിക്കൊപ്പം തന്നെ തുടരണമെന്ന് ടീമിന്റെ മധ്യനിരതാരമായ മാർകോ വെറാറ്റിയും പറഞ്ഞു. വളരെ കരുത്തുറ്റ ടീമായിരിക്കാനാണ് പിഎസ്‌ജി ആഗ്രഹിക്കുന്നതെന്നും ഏതാനും വർഷങ്ങളായി നിരവധി ഗോളുകൾ ഉറപ്പു തരുന്ന താരം ഒരു പ്രതിഭാസമാണെന്നും വെറാറ്റി അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit