Football in Malayalam

ഗോളുകൾ സാധാരണ ആഘോഷിക്കാറില്ലെങ്കിലും മെസിയുടെ ഗോൾ മതിമറന്നാഘോഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി പോച്ചട്ടിനോ

Sreejith N
Paris Saint-Germain v Manchester City: Group A - UEFA Champions League
Paris Saint-Germain v Manchester City: Group A - UEFA Champions League / Sebastian Frej/MB Media/Getty Images
facebooktwitterreddit

പിഎസ്‌ജി ജേഴ്‌സിയിൽ മെസി ആദ്യമായി നേടിയ ഗോൾ തനിക്കു വളരെയധികം സന്തോഷം നൽകിയെന്നു വെളിപ്പെടുത്തി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്‌ജിയുടെ വിജയമുറപ്പിച്ച് ലയണൽ മെസി നേടിയ മനോഹരമായ ഗോൾ മതിമറന്ന് ആഘോഷിച്ചതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകകയായിരുന്നു അർജന്റീനിയൻ പരിശീലകൻ.

"ഞാൻ ഗോളുകൾ മതിമറന്ന് ആഘോഷിക്കുന്ന സ്വഭാവമുള്ള ആളല്ല എന്നതാണ് സത്യം. പക്ഷെ ഇതു ഞാൻ ആഘോഷിക്കുക തന്നെ ചെയ്‌തു. മെസി എതിർ ടീമിനു വേണ്ടി ഗോളുകൾ നേടുന്നതാണ് ഞാനിതിനു മുൻപ് കണ്ടിട്ടുള്ളത്, എന്നാലിപ്പോൾ താരം എന്റെ കൂടെയാണെന്നത് വളരെ പ്രത്യേകതയുള്ള കാര്യമാണ്. അതാഘോഷിക്കേണ്ടതു തന്നെയാണ്," പോച്ചട്ടിനോ പറഞ്ഞു.

ക്ലബിനു വേണ്ടി സുപ്രധാനമായ ഒരു മത്സരത്തിൽ തന്നെ ആദ്യത്തെ ഗോൾ കണ്ടെത്തിയ മെസി കൂടുതൽ ആത്മവിശ്വാസത്തോടെ ടീമുമായി ഇണങ്ങിച്ചേരുമെന്ന പ്രതീക്ഷയും പോച്ചട്ടിനോക്കുണ്ട്. "ഇത്തരത്തിലുള്ള പ്രകടനവും ഗോൾവല ചലിപ്പിക്കാൻ കഴിയുന്ന ഇതുപോലെയുള്ള താരങ്ങളെയുമാണ് നമുക്കു വേണ്ടത്. ബാഴ്‌സലോണയിൽ ഇരുപതു വർഷങ്ങൾ കളിച്ച താരത്തിന് ടീമിനുള്ളിൽ ലിങ്കുകൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. പുതിയതും വ്യത്യസ്‌തവുമായ അനുഭവങ്ങളാണ് താരത്തിന് ഇപ്പോഴുള്ളത്."

"ഞങ്ങൾക്കു വേണ്ടി ആദ്യത്തെ ഗോൾ താരം നേടിയപ്പോൾ ഒരേ ടീമിന്റെ ഭാഗമായതു കൊണ്ട് വളരെയധികം സന്തോഷം തോന്നി, അത് ആസ്വദിക്കുകയും ചെയ്‌തു. ടോപ് ക്ലാസ് താരമാണ് അദ്ദേഹം. ഞാൻ പറയുന്നത് ഒരു പുതിയ കാര്യമല്ലെന്ന് എനിക്കറിയാം. സമയം ചെല്ലുന്തോറും മെസിക്ക് ഇനിയും കൂടുതൽ മെച്ചപ്പെടാനുള്ള അവസരമുണ്ടെന്ന് ഞാൻ കരുതുന്നു." പോച്ചട്ടിനോ വ്യക്തമാക്കി.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടങ്ങിയ പിഎസ്‌ജി അതിൽ നിന്നും വളരെ മുന്നോട്ടു പോയി അച്ചടക്കമുള്ള പ്രകടനമാണ് മത്സരത്തിൽ കാഴ്‌ച വെച്ചത്. ഇതേ നിലവാരത്തിൽ കളിച്ചു മുന്നോട്ടു പോവുകയാണെങ്കിൽ ഈ സീസണിൽ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം അവർക്കു നേടാൻ അവസരമുണ്ടെന്നതിൽ തർക്കമില്ല.


facebooktwitterreddit