Football in Malayalam

'പിഎസ്‌ജി ഒരുപാട് പിഴവുകൾ വരുത്തി' - സമനിലയിൽ എതിർടീമിനെ പ്രശംസിച്ച് പോച്ചട്ടിനോ

Sreejith N
RC Lens v Paris Saint Germain - Ligue 1 Uber Eats
RC Lens v Paris Saint Germain - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

ലെൻസിനെതിരെ ഇന്നലെ നടന്ന ലീഗ് വൺ മത്സരത്തിൽ സമനില വഴങ്ങിയതോടെ കഴിഞ്ഞ നാലു മത്സരങ്ങളിൽ മൂന്നിലും വിജയം നേടാൻ പിഎസ്‌ജിക്കു കഴിഞ്ഞിട്ടില്ല. സൂപ്പർതാരങ്ങൾ നിരവധി പേരുണ്ടെങ്കിലും അവരെക്കൊണ്ട് മികച്ച പ്രകടനം ഇതുവരെയും പുറത്തെടുപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പരിശീലകൻ മൗറീസിയോ പോച്ചട്ടിനോക്ക് കനത്ത സമ്മർദ്ദവും മത്സരം സമ്മാനിച്ചിട്ടുണ്ട്.

ഫൊഫാനയിലൂടെ മത്സരത്തിൽ മുന്നിലെത്തി തൊണ്ണൂറു മിനുട്ടും ലീഡ് നിലനിർത്തിയ ലെൻസിനെതിരെ വൈനാൾഡമാണ് ഇഞ്ചുറി ടൈമിൽ പിഎസ്‌ജിയുടെ ഗോൾ നേടിയത്. അതേസമയം മത്സരത്തിൽ ഒരുപാട് പിഴവുകൾ വരുത്തിയതാണ് പിഎസ്‌ജിക്കു തിരിച്ചടി നൽകിയതെന്ന് പരിശീലകൻ പോച്ചട്ടിനോ പറഞ്ഞു. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം നടത്തിയ ലെൻസിനെ അദ്ദേഹം ഹൃദയം തുറന്ന് അഭിനന്ദിക്കുകയും ചെയ്‌തു.

"കഴിഞ്ഞ ശനിയാഴ്‌ചയും ബുധനാഴ്‌ചയും കളിച്ചതിനു ശേഷം ഇവിടെ വരുന്നത് ഞങ്ങൾ കളിക്കുന്ന തീവ്രത പരിഗണിക്കുമ്പോൾ ബുദ്ധിമുട്ടു തന്നെയാണ്. ആദ്യം ക്രെഡിറ്റ് നൽകേണ്ടത് ലെൻസിനാണ്. അവർ വളരെ നന്നായി കളിച്ചു. കായികപരമായും ശാരീരികപരമായും മത്സരത്തിൽ മികച്ചു നിന്ന അവരെ എനിക്ക് ഇഷ്‌ടമാവുകയും ചെയ്‌തു. മത്സരത്തിനുണ്ടായിരുന്ന തീവ്രത പരിഗണിക്കുമ്പോൾ അതു പലപ്പോഴും ബുദ്ധിമുട്ടാണ്."

"എങ്ങിനെ പറയണം? ഞങ്ങൾ ഒരുപാട് പിഴവുകൾ വരുത്തി. വ്യക്തമായി പറഞ്ഞാൽ മുന്നേറ്റങ്ങൾ സൃഷ്‌ടിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ഒരുപാട് തവണ ബോൾ നഷ്‌ടമായി. എന്നാൽ ബോൾ തിരിച്ചെടുക്കണം എന്ന ആഗ്രഹത്തോടെ കളിക്കാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഇതു ഞങ്ങൾക്ക് മികച്ചൊരു രാത്രി ആയിരുന്നില്ല. കളിക്കാരെ ഞങ്ങൾ അഭിനന്ദിക്കണം, പക്ഷെ ഇതിനേക്കാൾ കൂടുതൽ ഞങ്ങൾ ചെയ്യണമായിരുന്നു," പോച്ചട്ടിനോ കനാൽ പ്ലസിനോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

ലീഗിൽ ഇപ്പോഴും പിഎസ്‌ജി ബഹുദൂരം മുന്നിലാണെങ്കിലും ഈ മത്സരത്തിലും വിജയം കൈവിട്ടതോടെ അർജന്റീനിയൻ പരിശീലകനെ പുറത്താക്കണമെന്ന വാദം നിരവധി ആരാധകർ ഉയർത്തുന്നുണ്ട്. സൂപ്പർതാരങ്ങളെ പോച്ചട്ടിനോക്ക് കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്തതാണ് ടീമിന്റെ പതർച്ചക്ക് കാരണമെന്ന് അവർ വാദിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit