കോവിഡ് നെഗറ്റിവാകാതെ മെസിക്ക് ഫ്രാൻസിലേക്ക് തിരിച്ചെത്താനാകില്ല, എംബാപ്പെയുടെ കരാറിനെക്കുറിച്ചും പോച്ചട്ടിനോ

Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

നിലവിൽ അർജന്റീനയിലുള്ള ലയണൽ മെസിക്ക് കോവിഡ് നെഗെറ്റിവാകാതെ ഫ്രാൻസിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ വ്യക്തമാക്കി. ലിയോണിനെതിരെ നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ മെസിക്ക് കളിക്കാൻ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പോച്ചട്ടിനോ. എംബാപ്പയുടെ കരാറുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

"രണ്ടു വർഷമായി ഈ വൈറസിനൊപ്പമാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ചില കാര്യങ്ങൾ നമ്മളുടെ നിയന്ത്രണത്തിൽ അല്ല. എല്ലാ പ്രതിരോധനടപടികൾ സ്വീകരിച്ചാലും വൈറസ് നമ്മളെ പിടികൂടാം."

"ലയണൽ മെസി ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫുമായി ബന്ധപ്പെട്ടു നിൽക്കുന്നുണ്ട്. താരത്തിന് ലിയോണിനെതിരെ കളിക്കാൻ കഴിയുമോയെന്നോ? എനിക്കറിയില്ല. കോവിഡ് പോസിറ്റിവായി തുടരുന്ന സമയത്തോളം താരത്തിന് ഫ്രാൻസിലേക്ക് തിരിച്ചു വരാൻ കഴിയില്ല." മാധ്യമങ്ങളോട് പോച്ചട്ടിനോ പറഞ്ഞു. എംബാപ്പയുടെ കരാർ പുതുക്കലുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

"കരാർ സംബന്ധമായ സാഹചര്യം ബാധിക്കുക ഒരാൾക്ക് വേണ്ടത്ര പക്വതയില്ലാത്തപ്പോൾ മാത്രമാണ്. എംബാപ്പെക്ക് പക്വതയുണ്ട്. ഇതുവരെ താരം നടത്തിയതു പോലൊരു പ്രകടനം ഈ സീസണിലും നടത്തുമെന്നും നിലവിലെ സാഹചര്യങ്ങൾക്കുള്ള പരിഹാരം വളരെ പോസിറ്റിവ് ആകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." പോച്ചട്ടിനോ വ്യക്തമാക്കി.

കോപ്പ ഡി ഫ്രാൻസിൽ തിങ്കളാഴ്‌ച വേന്നസിനെതിരായ മത്സരത്തോടെയാണ് പിഎസ്‌ജി ഈ വർഷം ആരംഭിക്കുന്നത്. ലയണൽ മെസിക്കു പുറമെ കോവിഡ് പോസിറ്റിവായ യുവാൻ ബെർനറ്റ്, സെർജിയോ റിക്കോ, നഥാൻ ബിട്ടുമസ്‌ല എന്നിവരും ടീമിലുണ്ടാകില്ല. പരിക്കേറ്റു നേരത്തെ തന്നെ ടീമിനു പുറത്തുള്ള നെയ്‌മർ ചാമ്പ്യൻസ് ലീഗിനു മുൻപ് തിരിച്ചു വരാനുള്ള കഠിനമായ പരിശ്രമത്തിലാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.