പിഎസ്‌ജിയിൽ നിന്നും പുറത്താക്കുകയാണെങ്കിൽ മുഴുവൻ നഷ്‌ടപരിഹാരവും പോച്ചട്ടിനോക്കു വേണം
By Sreejith N

മൗറീസിയോ പോച്ചട്ടിനോയെ പരിശീലകസ്ഥാനത്തു നിന്നും മാറ്റാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. ഒന്നര വർഷത്തോളമായി പിഎസ്‌ജി പരിശീലകനായി രണ്ടു കിരീടങ്ങൾ ക്ലബിനു സമ്മാനിച്ച അദ്ദേഹത്തെ ഒരു വർഷം കരാറിൽ ബാക്കി നിൽക്കെയാണ് പിഎസ്‌ജി പുറത്താക്കാൻ തയ്യാറെടുക്കുന്നത്.
വളരെ നാളുകളായി പുതിയൊരു പരിശീലകനെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് പിഎസ്‌ജി. നീസ് പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറുമായി അവർ ധാരണയിൽ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മൗറീസിയോ പോച്ചട്ടിനോയെ പുറത്താകാതെ അവർക്ക് പുതിയ പരിശീലകനെ സ്വന്തമാക്കിയത് പ്രഖ്യാപിക്കാൻ കഴിയില്ല.
നിലവിൽ അർജന്റീനിയൻ പരിശീലകനുമായി നഷ്‌ടപരിഹാരം സംബന്ധിച്ച ചർച്ചകൾ നടത്തുകയാണ് പിഎസ്‌ജി. കരാർ പ്രകാരം പുറത്താകുമ്പോൾ പതിനഞ്ചു മില്യൺ യൂറോ നൽകണമെന്നാണ് ഉള്ളതെങ്കിലും അതു കുറയ്ക്കാനാണ് പിഎസ്‌ജി ശ്രമിക്കുന്നത്. എന്നാൽ നഷ്‌ടപരിഹാരം മുഴുവനായും വേണമെന്ന നിലപാടാണ് പിഎസ്‌ജിയുടേത്.
പോച്ചട്ടിനോക്ക് നഷ്‌ടപരിഹാരമായി നൽകേണ്ട പതിനഞ്ചു മില്യണിൽ മൂന്നു മില്യൺ യൂറോ കോച്ചിങ് സ്റ്റാഫുകൾക്കു നൽകാനുള്ളതെന്നാണ് ഗോൾ റിപ്പോർട്ടു ചെയ്യുന്നത്. തന്റെ പിറകിൽ പ്രവർത്തിച്ച സ്റ്റാഫുകൾക്ക് അവർ അർഹിച്ചത് നൽകണമെന്നും ടുഷെലിനെ പുറത്താക്കി തന്നെ നിയമിച്ചപ്പോൾ വെച്ച കരാർ പാലിക്കണമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ സിനദിൻ സിദാനെയായിരുന്നു പിഎസ്‌ജി പ്രധാനമായും പരിഗണിച്ചിരുന്നത്. എന്നാൽ ലോകകപ്പിനു ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹിക്കുന്ന സിദാൻ ആ ഓഫർ വേണ്ടെന്നു വെച്ചതിനെ തുടർന്നാണ് ഗാൾട്ടിയറിലേക്ക് പിഎസ്‌ജിയുടെ ശ്രദ്ധ തിരിഞ്ഞത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.