ലിയോണിനെതിരായ മത്സരത്തിൽ മെസിയെ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് പോച്ചട്ടിനോ


ലിയോണിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ സൂപ്പർതാരം ലയണൽ മെസിയെ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. നിരവധി പ്രധാന താരങ്ങൾ നിറഞ്ഞ ടീമാണ് പിഎസ്ജിയെന്നു പറഞ്ഞ പോച്ചട്ടിനോ മെസിയെ പരിക്കിൽ നിന്നും സംരക്ഷിക്കുകയെന്നതു കൂടി മുൻനിർത്തിയായിരുന്നു താരത്തെ പിൻവലിച്ചതെന്ന് വ്യക്തമാക്കി.
ഗോളൊന്നും നേടിയില്ലെങ്കിലും മെസി താളം കണ്ടെത്തുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകിയ മത്സരത്തിൽ എഴുപത്തിയഞ്ചാം മിനുട്ടിലാണ് താരം പിൻവലിക്കപ്പെട്ടത്. മൈതാനത്തു നിന്നും കയറിപ്പോകുമ്പോൾ നിരാശനായിരുന്ന മെസി പോച്ചട്ടിനോക്ക് കൈ കൊടുക്കാൻ തയ്യാറാവാതെ അദ്ദേഹത്തോട് എന്തൊക്കെയോ പറയുന്നതും കാണാമായിരുന്നു.
Messi’s reaction to Mauricio Pochettino after being subbed off tonight for PSG ?? pic.twitter.com/Qbsm9IUi6y
— talkSPORT (@talkSPORT) September 19, 2021
"പരിക്കു പറ്റാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് മെസിയെ പിൻവലിച്ചത്. പ്രധാനപ്പെട്ട മത്സരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ കളിക്കാനുള്ളതിനാൽ താരത്തെ സംരക്ഷിക്കണം. വളരെ മികച്ച നിരവധി താരങ്ങൾ ടീമിലുണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വളരെ സമ്പന്നമായ 35 കളിക്കാരുടെ സ്ക്വാഡാണ് പിഎസ്ജിക്കുള്ളത്. അതിൽ അതിൽ പതിനൊന്നു പേരാണ് സ്റ്റാർട്ട് ചെയ്യുക. അതിനു ശേഷം കളിക്കിടയിൽ ഞങ്ങൾക്ക് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്." മത്സരത്തിന് ശേഷം പോച്ചട്ടിനോ പറഞ്ഞു.
"ഇത്തരം തീരുമാനങ്ങൾ ചില സമയത്ത് ഫലം ചെയ്യും ചിലപ്പോൾ ചെയ്തേക്കില്ല. എന്നാൽ അതിനു വേണ്ടിയാണ് ഞങ്ങൾ ബെഞ്ചിനു മുന്നിലിരുന്ന് എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നത്. അതു ഗുണപരമായാലും ഇല്ലെങ്കിലും ഇഷ്ടമായാലും ഇല്ലെങ്കിലും അത്തരം തീരുമാനങ്ങൾ നമ്മൾ എടുക്കേണ്ടതുണ്ട്." പോച്ചട്ടിനോ വ്യക്തമാക്കി.
അതേസമയം മത്സരത്തിൽ വിജയം നേടിയതിൽ പോച്ചട്ടിനോ സംതൃപ്തി പ്രകടിപ്പിച്ചു. മികച്ച ടീമായിരുന്നു ലിയോൺ ആദ്യ പകുതിയിൽ നല്ല രീതിയിൽ കളിച്ചുവെന്നും അവർ ആദ്യ ഗോൾ നേടിയതിനു ശേഷം ടീമിനു ബാലൻസ് കൊണ്ടു വരേണ്ടത് അനിവാര്യമായിരുന്നു എന്നും പോച്ചട്ടിനോ പറഞ്ഞു.