എംബാപ്പക്കുള്ള ഏറ്റവും നല്ല ഗുണം മാര്യാദയുള്ള പെരുമാറ്റം, താരത്തിനെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് പോച്ചട്ടിനോ

Sreejith N
FBL-FRA-LIGUE1-REIMS-PSG
FBL-FRA-LIGUE1-REIMS-PSG / FRANCK FIFE/Getty Images
facebooktwitterreddit

കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിനു ശേഷം പിഎസ്‌ജി മുന്നേറ്റനിര താരം കെയ്‌ലിയൻ എംബാപ്പക്കെതിരെ എതിർടീമായ മെറ്റ്സിന്റെ പരിശീലകനായ ഫ്രഡറിക് അന്റോനെറ്റി നടത്തിയ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് മൗറീസിയോ പോച്ചട്ടിനോ. മത്സരത്തിൽ പിഎസ്‌ജി വിജയഗോൾ നേടിയതിനു ശേഷം മെറ്റ്സ് ഗോൾകീപ്പറെ എംബാപ്പെ പ്രകോപിച്ചതാണ് അന്റോനെറ്റി താരത്തെ വിമർശിക്കാൻ കാരണമായത്.

കൂടുതൽ സ്നേഹിക്കപ്പെടണമെങ്കിൽ മര്യാദയുള്ള പെരുമാറ്റം ആവശ്യമാണെന്നാണ് മത്സരത്തിനു ശേഷം അന്റോനെറ്റി പറഞ്ഞത്. ഒരു കളിക്കാരനെന്ന നിലയിൽ എംബാപ്പയെ തനിക്ക് ഇഷ്ടമാണെങ്കിലും നല്ല പെരുമാറ്റം താരത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മെറ്റ്സ് പരിശീലകന്റെ വിമർശനങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നാണ് പോച്ചട്ടിനോ വ്യക്തമാക്കുന്നത്.

"മത്സരത്തിനു ശേഷം അന്റോനെറ്റി പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയും. സ്റ്റോപ്പേജ് ടൈമിൽ തോൽവി വഴങ്ങിയതിനു ശേഷമായിരുന്നു ആ പ്രസ്‌താവന. കെയ്‌ലിയനെ സംബന്ധിച്ച് അദ്ദേഹം വളരെ നല്ല പയ്യനും, മത്സരിക്കാനും എപ്പോഴും വിജയിക്കാനും താൽപര്യമുള്ള ആളുമാണ്. അതിനൊപ്പം കളിക്കളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണം."

"അന്റോനെറ്റിയുടെ നിരാശ എനിക്ക് മനസിലാവും. എന്നാൽ എംബാപ്പക്ക് ഏതെങ്കിലുമൊരു ഗുണമുണ്ടെങ്കിൽ അത് വിനയമാണ്." മോണ്ട്പെല്ലിയറിനെതിരെ നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് പോച്ചട്ടിനോ പറഞ്ഞു.

ഫ്രഞ്ച് ലീഗിലെ വിജയക്കുതിപ്പ് തുടരാൻ വേണ്ടിയാണ് പിഎസ്‌ജി മോണ്ട്പെല്ലിയറിനെതിരെ ഇറങ്ങുന്നത്. ഇതുവരെ ലീഗിൽ പിഎസ്‌ജി ഏഴു മത്സരങ്ങൾ കളിച്ചതിൽ ഏഴിലും വിജയം നേടിയിട്ടുണ്ട്. എംബാപ്പെ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമെങ്കിലും സൂപ്പർതാരം ലയണൽ മെസി പരിക്കു മൂലം കളിക്കില്ല.

facebooktwitterreddit