Football in Malayalam

ബോർഡെക്സിനെതിരെ മെസി കളിക്കില്ലെന്ന് പോച്ചട്ടിനോ, അർജന്റീനക്കു വേണ്ടി താരം ഇറങ്ങിയേക്കുമെന്നും പിഎസ്‌ജി പരിശീലകൻ

Sreejith N
Paris Saint-Germain v Lille OSC - Ligue 1
Paris Saint-Germain v Lille OSC - Ligue 1 / John Berry/GettyImages
facebooktwitterreddit

ബോർഡെക്സിനെതിരെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ മെസി കളിക്കില്ലെന്ന് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ സ്ഥിരീകരിച്ചു. ലില്ലെക്കെതിരെ നടന്ന കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷം പരിക്കിന്റെ പ്രശ്‌നങ്ങൾ മൂലം പിൻവലിക്കപ്പെട്ട താരത്തിനു ലീപ്‌സിഗിനെതിരെ നടന്ന കഴിഞ്ഞ മത്സരം നഷ്‌ടമായതിനു പിന്നാലെയാണ് ഇന്നു രാത്രി നടക്കാനിരിക്കുന്ന മത്സരവും നഷ്‌ടമാകുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ട് പ്രകാരം മെസി പരിക്കിൽ നിന്നും മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം അർജന്റീനിയൻ ടീമിനൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളെ ഇത് ബാധിക്കില്ലെന്നും താരം ആ മത്സരങ്ങളിൽ കളിക്കാൻ സാധ്യതയുണ്ടെന്നും പോച്ചട്ടിനോ പറഞ്ഞു.

"മെസി അർജന്റീനക്കൊപ്പം യാത്ര ചെയ്യും, കാരണം അത് താരം ലഭ്യമാകുമെന്നു കരുതുന്ന സമയപരിധിയുടെ ഉള്ളിലാണ്. നാഷണൽ ടീമിൽ ഒരു താരം തിരഞ്ഞെടുക്കപ്പെട്ടാൽ അങ്ങിനെ വേണമെന്നത് നിയമമാണ്. അതിനെ ഇല്ലാതാക്കേണ്ട കാര്യം എനിക്കില്ല. കാരണം ഞാനൊരു അഭിഭാഷകനല്ല, എന്നാൽ അതങ്ങിനെ തന്നെയാണെന്നു ഞാൻ കരുതുന്നു." പോച്ചട്ടിനോ മാധ്യമങ്ങളോട് പറഞ്ഞു.

നവംബർ 12, 16 തീയതികളിൽ യുറുഗ്വായ്, ബ്രസീൽ എന്നീ കരുത്തരായ ടീമുകൾക്കെതിരെയാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. പിഎസ്‌ജിയിൽ മോശം ഫോമിലാണെങ്കിലും അർജന്റീന ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തുന്ന മെസി രണ്ടു മത്സരങ്ങളിലും കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഡോണറുമ്മ, കെയ്‌ലർ നവാസ് എന്നീ ഗോൾകീപ്പർമാരെ റൊട്ടേറ്റ് ചെയ്‌തു കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യുന്നുണ്ടെന്ന അഭിപ്രായവും പോച്ചട്ടിനോ പ്രകടിപ്പിച്ചു. ഭാവിയിൽ ഒരാൾ മറ്റൊരാൾക്ക് വഴിമാറേണ്ട സാഹചര്യം ഉണ്ടാവുമെങ്കിലും ഇപ്പോൾ രണ്ടു പേരും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നാണ് അദ്ദേഹം [പറയുന്നത്.

facebooktwitterreddit