എംബാപ്പെ ഈ സീസണിലും പിഎസ്ജിയിൽ തുടരും, ഫ്രഞ്ച് താരം ക്ലബിൽ സംതൃപ്തനെന്ന് പോച്ചട്ടിനോ


സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപേ കെയ്ലിയൻ എംബാപ്പെ പിഎസ്ജി വിടാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. പിഎസ്ജിയിൽ എംബാപ്പെ സംതൃപ്തനാണെന്നും ഈ സീസണിൽ താരം ക്ലബിനൊപ്പം ഉണ്ടാകില്ലെന്ന് താൻ കരുതുന്നില്ലെന്നും ബ്രെസ്റ്റിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പോച്ചട്ടിനോ പറഞ്ഞു.
"എംബാപ്പെ വളരെയധികം പ്രചോദിതനായി, കഠിനാധ്വാനം ചെയ്ത് ഈ സീസൺ മികച്ചതാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എംബാപ്പെ ഞങ്ങളുടെ താരമാണ്, അദ്ദേഹം ഈ സീസണിൽ ടീമിലില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല."
The coach answered questions on Messi and Donnarumma too.https://t.co/6GDcYukR3c
— MARCA in English (@MARCAinENGLISH) August 19, 2021
"എംബാപ്പെക്ക് ഒരു വർഷം കോൺട്രാക്റ്റിൽ ബാക്കിയുണ്ട്, താരം അതു പുതുക്കിയില്ലെങ്കിൽ കൂടിയും പിഎസ്ജി ടീമിനൊപ്പം സംതൃപ്തനാണെന്ന് കാണിച്ചു തന്നിട്ടുണ്ട്. താരം വളരെ ശാന്തനാണ്, ക്ലബിന് അക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്നും അറിയാം. എംബാപ്പെ ഞങ്ങളുടെ കളിക്കാരനാണെന്ന് ഞങ്ങൾക്കറിയാം, താരം അടുത്ത മത്സരത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കയാണ്." പോച്ചട്ടിനോ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോടും പോച്ചട്ടിനോ പ്രതികരിച്ചു. പോഗ്ബക്കു വേണ്ടി നീക്കങ്ങൾ നടത്തുന്ന കാര്യം നിഷേധിക്കാൻ തയ്യാറാവാതിരുന്ന പോച്ചട്ടിനോ ട്രാൻസ്ഫർ മാർക്കറ്റ് തുറന്നു കിടക്കുന്ന കാലത്തോളം ഇത്തരം അഭ്യൂഹങ്ങൾ ഉണ്ടാകുമെന്നും ടീമിനെ മെച്ചപ്പെടുത്താൻ പിഎസ്ജി എല്ലാറ്റിനോടും തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമിലെ പല സൂപ്പർതാരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിൽ പിഎസ്ജി മികച്ച വിജയമാണ് നേടിയെടുത്തത്. രണ്ടു മത്സരങ്ങളിലായി ആറു ഗോളുകൾ നേടാൻ ടീമിന് കഴിഞ്ഞെങ്കിലും മൂന്നു ഗോളുകൾ വഴങ്ങിയ പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കേണ്ടത് പോച്ചട്ടിനോയെ സംബന്ധിച്ച് അനിവാര്യതയാണ്.