Kylian Mbappe

കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തന്നെ തുടരുമെന്ന ശക്തമായ സൂചനകൾ നൽകി പോച്ചട്ടിനോ

Sreejith N
Pochettino Confident He And Mbappe Will Stay At PSG
Pochettino Confident He And Mbappe Will Stay At PSG / John Berry/GettyImages
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരം കിലിയൻ എംബാപ്പെ അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്ന ശക്തമായ സൂചനകൾ നൽകി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. താനും എംബാപ്പയും അടുത്ത സീസണിൽ ക്ലബിനൊപ്പം തുടരാൻ നൂറു ശതമാനം സാധ്യതയുണ്ടെന്നാണു കഴിഞ്ഞ ദിവസം പോച്ചട്ടിനോ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എംബാപ്പയുടെ നിലവിലെ കരാർ ഈ സീസണിൽ അവസാനിക്കും എന്നിരിക്കെ താരത്തിന് പുതിയ കോണ്ട്രാക്റ്റ് നൽകാൻ പിഎസ്‌ജി തീവ്രമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. താരത്തിനെ ഫ്രീ ഏജന്റായി ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് രംഗത്തുണ്ടെങ്കിലും പിഎസ്‌ജി തങ്ങളുടെ ലക്ഷ്യത്തിനു അരികിലെത്തിയെന്നാണ് പോച്ചട്ടിനോയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

എംബാപ്പ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കൊപ്പം അടുത്ത സീസണിൽ പിഎസ്‌ജി പരിശീലകസ്ഥാനത്ത് താനുണ്ടാകില്ലെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു. താനും എംബാപ്പയും ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പാണെന്നാണ് പോച്ചട്ടിനോ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

"രണ്ടു കേസുകളിലും നൂറു ശതമാനം ഉറപ്പാണ്. ഇതാണ് എനിക്കിപ്പോൾ തോന്നുന്നത്, ഇതാണ് ഞാനിപ്പോൾ മനസിലാക്കുന്നത്. ഇപ്പോൾ എനിക്കിതാണ് പറയാനുള്ളത്. തീർച്ചയായും ഇത് ഫുട്ബോളാണ്, എന്താണ് സംഭവിക്കുകയെന്നു നമുക്കൊരിക്കലും പറയാൻ കഴിയില്ല, എന്നാലിപ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചാൽ എനിക്കിതാണ് പറയാനുള്ളത്." പോച്ചട്ടിനോ പറഞ്ഞു.

എംബാപ്പെ പിഎസ്‌ജിയുമായി പുതിയ കരാറിൽ എത്തിയാൽ താരത്തിനു വേണ്ടി ഊർജ്ജിതമായി ശ്രമങ്ങൾ നടത്തുന്ന റയൽ മാഡ്രിഡിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണത്. താരവും മാതാവും പിഎസ്‌ജി നേതൃത്വത്തെ കണ്ടുവെന്നും എംബാപ്പെ ക്ലബിനൊപ്പം തുടരാൻ വമ്പൻ വാഗ്‌ദാനം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit