"ഞാനും കളിക്കാരും നിരാശരാണ്"- ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്‌ജി പുറത്തായതിനോടു പ്രതികരിച്ച് പോച്ചട്ടിനോ

FBL-FRA-CUP-PSG-NICE
FBL-FRA-CUP-PSG-NICE / FRANCK FIFE/GettyImages
facebooktwitterreddit

മെസിയും എംബാപ്പയും അടക്കമുള്ള സൂപ്പർതാരങ്ങളുമായി ഫ്രഞ്ച് കപ്പ് പ്രീ ക്വാർട്ടർ ഫൈനലിലെത്തിയ നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജിക്കു പക്ഷെ തോൽവി നേരിടാനായിരുന്നു വിധി. പിഎസ്‌ജിയുടെ കരുത്തുറ്റ മുന്നേറ്റനിര ഗോൾ കണ്ടെത്താൻ പരാജയപ്പെട്ടപ്പോൾ കഴിഞ്ഞ സീസണിൽ ലില്ലെയെ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് നയിച്ച ക്രിസ്റ്റഫെ ഗാൾട്ടിയർ പരിശീലിപ്പിക്കുന്ന നീസ് ഷൂട്ടൗട്ടിലാണ് മത്സരത്തിൽ വിജയം കണ്ടെത്തിയത്.

കഴിഞ്ഞ ഏഴു ഫ്രഞ്ച് കപ്പ് ഫൈനലുകൾ കളിക്കുകയും അതിൽ ആറെണ്ണത്തിലും കിരീടം നേടുകയും ചെയ്‌ത പിഎസ്‌ജി ഇത്തവണ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായത് ടീമിലെ താരങ്ങൾക്കും പരിശീലകനും ആരാധകർക്കും നിരാശയാണു സമ്മാനിച്ചത്. മത്സരത്തിനു ശേഷം അതേക്കുറിച്ച് വെളിപ്പെടുത്തിയ പോച്ചട്ടിനോ ഈ നിരാശയെ മറികടന്ന് അടുത്ത മത്സരത്തിൽ ടീം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കി.

"പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കേണ്ടി വന്നതിൽ തീർച്ചയായും ഞങ്ങൾ വളരെ നിരാശരാണ്. എല്ലാ മേഖലയിലും ഞങ്ങളായിരുന്നു മികച്ച ടീമെന്നാണ് ഞാൻ കരുതുന്നത്, പക്ഷെ വിജയം നേടാൻ അതു പോരായിരുന്നു. പെനാൽറ്റികൾ എപ്പോഴും ഭാഗത്തെക്കൂടി ആശ്രയിച്ചിരിക്കും. ഇന്നത് ഞങ്ങൾക്കുണ്ടായിരുന്നില്ല."

"ഫ്രഞ്ച് കപ്പ് ക്യാമ്പയ്‌നെക്കുറിച്ചുള്ള ചുരുക്കം? ഇത് എളുപ്പമായ കാര്യമായിരുന്നില്ല, കാരണം ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഇന്നു വളരെ നിരാശരാണ്. പോസിറ്റിവായി തുടരാൻ ഞങ്ങൾ ശ്രമിക്കണം. അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനായി കരുത്തരായി തയ്യാറെടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല."

"തീർച്ചയായും താരങ്ങളും വളരെ നിരാശരാണ്, എല്ലാവരെയും പോലെ തന്നെ. പക്ഷെ ബുധനാഴ്ച ഞങ്ങൾ അടുത്ത മത്സരത്തിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഞങ്ങൾ ശ്രമിക്കും." മാധ്യമങ്ങളോട് സംസാരിക്കേ പോച്ചട്ടിനോ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നേടിയ ലില്ലെയുമായാണ് പിഎസ്‌ജിയുടെ അടുത്ത മത്സരം. നിലവിൽ ലീഗ് കിരീടത്തിനു പിഎസ്‌ജി വലിയ ഭീഷണി നേരിടുന്നില്ലെങ്കിലും ഇനിയുള്ള രണ്ടു മത്സരങ്ങൾക്കു ശേഷം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടാനുണ്ട് എന്നതിനാൽ മികച്ച ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അവർക്ക് അനിവാര്യമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.