ലീഗ് മത്സരങ്ങളിൽ കരിയറിലെ തന്നെ മോശം തുടക്കവുമായി മെസി, പിഎസ്ജിയുടെ ഫോമിനെ വിലയിരുത്തി പോച്ചട്ടിനോ


മാഴ്സയും പിഎസ്ജിയും തമ്മിൽ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരം മെസി, പിഎസ്ജി ആരാധകർക്കെല്ലാം കടുത്ത നിരാശ തന്നെയാണ് സമ്മാനിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര സ്വന്തമായിട്ടുണ്ടെങ്കിലും കളിക്കളത്തിൽ താളം കണ്ടെത്താൻ പതറുന്ന പിഎസ്ജി ഇന്നലത്തെ മത്സരത്തിൽ കൃത്യമായി ആധിപത്യം സ്ഥാപിക്കാൻ കഴിയാതെയുമാണ് സമനില വഴങ്ങിയത്.
ബാഴ്സലോണയിൽ നിന്നും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിയെ സംബന്ധിച്ചും ഈ മത്സരം നിരാശയാണ് സമ്മാനിച്ചത് പിഎസ്ജിക്കൊപ്പം നാലു ലീഗ് മത്സരങ്ങൾ കളിച്ച് ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരം 2005-06 സീസണു ശേഷം ഏറ്റവും മോശം തുടക്കമാണ് ഒരു ലീഗിൽ നടത്തുന്നത്. ആ സീസണിൽ മെസി ഗോൾ നേടാൻ ആറു മത്സരങ്ങൾ എടുത്തിരുന്നു.
Lionel Messi struggles made clear by worst league start in 16 yearshttps://t.co/qmpPi9JPde pic.twitter.com/7lDohC0TrZ
— Mirror Football (@MirrorFootball) October 25, 2021
ഇതിനു പുറമെ ടീമിലെ താരങ്ങളുമായി കൃത്യമായ ഒത്തിണക്കം വന്നിട്ടില്ലെന്നു തെളിയിച്ചു കൊണ്ട് പതിനാറു തവണയാണ് മെസി പന്തു കാലിൽ നിന്നും നഷ്ടപ്പെടുത്തിയത്. അടുത്ത മത്സരത്തിൽ കഴിഞ്ഞ തവണത്തെ ലീഗ് ജേതാക്കളായ ലില്ലെയെ നേരിടുമ്പോൾ മെസി ലീഗിലെ ഗോൾവരൾച്ച പരിഹരിക്കും എന്നാണു ആരാധകരുടെ പ്രതീക്ഷ.
അതേസമയം സൂപ്പർതാരങ്ങൾ നിറഞ്ഞ ടീം സമനില വഴങ്ങിയിട്ടും മത്സരഫലത്തിൽ പരിശീലകനായ പോച്ചട്ടിനോക്ക് യാതൊരു നിരാശയമില്ല. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും മാറ്റങ്ങൾക്കു വിധേയമായ ടീം ഏതാനും അടുത്തു തന്നെ അതിനെ മറികടക്കുമെന്ന് മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞു.
"ഞങ്ങൾ സ്ഥിരത നേടി, കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കയാണ്. ഒക്ടോബർ മുതൽ നവംബർ വരെയുള്ള സമയം കുറച്ചധികം ബുദ്ധിമുട്ട് നിറഞ്ഞതാകും എന്ന് പരിചയസമ്പത്തു കൊണ്ട് അറിയാം. പക്ഷെ ടീം മെച്ചപ്പെട്ടു വരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ പരിണാമഘട്ടം ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥ എന്നെ തൃപ്തിപ്പെടുത്തുന്നു." പോച്ചട്ടിനോ പറഞ്ഞു.