PSG

പിഎസ്‌ജിയുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം, ടീം ശരിയായ പാതയിലാണെന്ന് പോച്ചട്ടിനോ

Sreejith N
Pochettino Claims PSG On Right Track To Win All Trophies
Pochettino Claims PSG On Right Track To Win All Trophies / John Berry/GettyImages
facebooktwitterreddit

ഈ സീസണിലെ ലീഗ് കിരീടം നേടിയതു കൊണ്ട് പിഎസ്‌ജിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു എന്നു പറയാൻ കഴിയില്ലെന്നും എന്നാൽ ടീം ശരിയായ പാതയിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും വ്യക്തമാക്കി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ആഭ്യന്തരകിരീടങ്ങളല്ല, മറിച്ച് ചാമ്പ്യൻസ് ലീഗ് നേടുക തന്നെയാണ് ഫ്രഞ്ച് ക്ലബിനു മുന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് പോച്ചട്ടിനോയുടെ വ്യക്തമാക്കി.

യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച താരങ്ങൾ അടങ്ങിയ ടീമായ പിഎസ്‌ജി ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിതമായ രീതിയിൽ തോറ്റു പുറത്താവുകയായിരുന്നു ടീം. ഇതിനു പുറമെ ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായ ടീമിനു പക്ഷെ ലീഗ് കിരീടം ആധികാരികമായി തന്നെ നേടാൻ കഴിഞ്ഞു.

"പിഎസ്‌ജിയെ പോലൊരു ക്ലബിനു മുന്നിലുള്ള പ്രധാന ലക്‌ഷ്യം ചാമ്പ്യൻസ് ലീഗ് വിജയിക്കുക എന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം സവിശേഷമായ ഒന്നിനെ നിര്മിച്ചെടുക്കുക എന്നതാണ്. അനുഭവങ്ങളിൽ നിന്നും പഠിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഈ ഫുട്ബോൾ ക്ലബ് വിജയിക്കാൻ വേണ്ടിയാണ് ഉണ്ടായിരിക്കുന്നതു തന്നെ."

"പിഎസ്‌ജിയെ പോലൊരു ക്ലബിന് ബുദ്ധിമുട്ടേറിയ കാര്യമാണ് ലക്ഷ്യങ്ങൾ വളരെ വലുതായതിനാൽ തന്നെ ലീഗ് വിജയം നേടിയാൽ പോലും അതു മതിയാവാതെ വരുമെന്നത്. തീർച്ചയായും ഞങ്ങൾക്കത് മതിയാവില്ല, കാരണം എല്ലാ കിരീടങ്ങളും വിജയിക്കണമെന്ന ആഗ്രഹവും ഞങ്ങൾക്കുണ്ട്." പോച്ചട്ടിനോ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത സീസണിൽ കൂടുതൽ വലിയ ലക്ഷ്യങ്ങളുമായി ഇറങ്ങുന്ന പിഎസ്‌ജിക്ക് കനത്ത തിരിച്ചടിയാവുക സൂപ്പർതാരം എംബാപ്പെ ക്ലബ് വിടുന്നതായിരിക്കും. എന്നാൽ ക്ലബ് ശരിയായ പാതയിലാണ് മുന്നോട്ടു പോകുന്നതെന്നും പുതിയ സാഹചര്യത്തിലേക്ക് എത്താനും മികച്ച പ്രകടനം നടത്താനുള്ള മനോഭാവം താരങ്ങൾക്കുണ്ടെന്നും പോച്ചട്ടിനോ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit