"റയലിന്റെ ആദ്യഗോളിൽ ബെൻസിമ ഡൊണറുമ്മയെ ഫൗൾ ചെയ്തു"- തോൽവിയിൽ റഫറിയെ കുറ്റപ്പെടുത്തി പോച്ചട്ടിനോ


റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിൽ വീഡിയോ റഫറിയിങ്ങിനെ കുറ്റപ്പെടുത്തി പിഎസ്ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. മത്സരത്തിൽ റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിനു വഴിയൊരുക്കിയ ആദ്യത്തെ ഗോളിൽ പിഎസ്ജി ഗോൾകീപ്പർ ഡൊണറുമ്മയെ ബെൻസിമ ഫൗൾ ചെയ്തുവെന്നും അതു വീഡിയോ റഫറി അനുവദിച്ചില്ലെന്നുമാണ് പോച്ചട്ടിനോ കുറ്റപ്പെടുത്തുന്നത്.
മുപ്പത്തിയൊമ്പതാം മിനുട്ടിൽ എംബാപ്പെ പിഎസ്ജിയെ മുന്നിൽ എത്തിച്ചതിനു ശേഷം രണ്ടാം പകുതിയിൽ ബെൻസിമയുടെ ഹാട്രിക്കിലാണ് റയൽ മാഡ്രിഡ് തിരിച്ചു വരുന്നത്. കളിയുടെ അറുപത്തിയൊന്നാം മിനുട്ടിൽ ഒരു ബാക്ക് പാസ് സ്വീകരിച്ച ഡൊണറുമ്മയെ പ്രസ് ചെയ്ത് പന്തു സ്വന്തമാക്കിയതിൽ നിന്നാണ് റയൽ മാഡ്രിഡ് ആദ്യഗോൾ നേടുന്നത്. ആ ബിൽഡ് അപ്പിൽ ഡോണറുമ്മ ഫൗൾ ചെയ്യപ്പെട്ടുവെന്നും അതിലൂടെ ബെൻസിമ നേടിയ ഗോൾ മത്സരത്തെ മാറ്റിമറിച്ചുവെന്നുമാണ് പോച്ചട്ടിനോ വാദിക്കുന്നത്.
"No, it's not difficult, it's so clear!"
— Football on BT Sport (@btsportfootball) March 9, 2022
"It's so unfair to talk about different things because that changed the way the game goes."
Mauricio Pochettino was not happy that Real Madrid's first goal vs PSG wasn't given as a foul ?#UCL pic.twitter.com/BIY2Vlea93
"ആദ്യത്ത ഗോളാണ് മത്സരത്തെ മാറ്റിമറിച്ചതെന്നാണ് ഞാൻ കരുതുന്നത്. വിഎആർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അത്ഭുതമാണ്, എന്നെ സംബന്ധിച്ച് അത് ഡൊണറുമ്മ അവിടെ ഫൗൾ ചെയ്യപ്പെട്ടിട്ടുണ്ട്. അതൊരു നാണക്കേടാണ്, അതു കാണുമ്പോൾ തന്നെ മനസിലാകും അവിടെ ഫൗൾ നടന്നുവെന്ന്."
"അതിനു ശേഷം മത്സരം മാറിമറിഞ്ഞു. ആ ഗോളോടെ എല്ലാം മാറി. ആ തെറ്റിനെക്കുറിച്ച് പറയാതിരിക്കുക അസാധ്യമാണ്, അത് മനസിലാക്കാനും ബുദ്ധിമുട്ടാണ്. അതൊരിക്കലും മറക്കാൻ കഴിയില്ല." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ പോച്ചട്ടിനോ പറഞ്ഞു.
മത്സരത്തിൽ ടീമിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പോച്ചട്ടിനോ ഇതേക്കുറിച്ച് പരാതിപ്പെട്ടു. ആ ഗോളിനു ശേഷം പിഎസ്ജി താരങ്ങൾ അസ്വസ്ഥമായെന്നും ഫുട്ബോളിൽ വികാരങ്ങൾ പ്രതിഫലിക്കും എന്നതിനാൽ അതിനു ശേഷം ടീം പിഴവുകൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി വർഷങ്ങളായി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ശ്രമിക്കുന്ന പിഎസ്ജി റയൽ മാഡ്രിഡിനോട് തോൽക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും അത് ഈ തരത്തിൽ ആവരുതായിരുന്നു എന്നും പോച്ചട്ടിനോ പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.