Football in Malayalam

ബാഴ്‌സക്കെതിരെ സംഭവിച്ചത് ആവർത്തിക്കരുത്, ബയേണിനെ തകർത്ത പിഎസ്‌ജി താരങ്ങൾക്ക് പോച്ചട്ടിനോയുടെ മുന്നറിയിപ്പ്

Sreejith N
Apr 8, 2021, 9:22 AM GMT+5:30
Paris Saint-Germain Training And Press Conference
Paris Saint-Germain Training And Press Conference | Alexander Hassenstein/Getty Images
facebooktwitterreddit

കനത്ത മഞ്ഞുവീഴ്‌ചക്കിടെ നടന്ന ചൂടു പിടിച്ച മത്സരത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്താൻ കഴിഞ്ഞെങ്കിലും രണ്ടാം പാദ മത്സരത്തെ വളരെയധികം ഗൗരവത്തോടെ സമീപിക്കണമെന്നും ബാഴ്‌സക്കെതിരായ പ്രീ ക്വാർട്ടർ ഫൈനലിലെ പിഴവുകൾ ആവർത്തിക്കരുതെന്നും ടീമിലെ താരങ്ങൾക്ക് മുന്നറിയിപ്പു നൽകി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ.

എംബാപ്പയുടെ ഇരട്ടഗോളുകളും മാർക്വിന്യോസ് നേടിയ ഗോളിലുമാണ് അലിയൻസ് അരീനയിൽ പിഎസ്‌ജി വിജയം നേടിയത്. മാക്‌സിം ചൂപ്പ മോട്ടിങ്, തോമസ് മുള്ളർ എന്നിവരിലൂടെ ബയേൺ തിരിച്ചടിച്ചെങ്കിലും ഒരു ഗോളിന്റെ മുൻ‌തൂക്കം പിഎസ്‌ജി നേടുകയായിരുന്നു. രണ്ടാം പാദം സ്വന്തം മൈതാനത്തു വെച്ചാണെന്ന ആനുകൂല്യമുണ്ടെങ്കിലും പ്രീ ക്വാർട്ടർ മത്സരം പോലെയാവരുതെന്ന് പോച്ചട്ടിനോ പറഞ്ഞു.

"മത്സരത്തിലെ ഫലത്തിൽ സന്തോഷമുണ്ട്, ടീമിന്റെ മനോഭാവത്തിലും യൂറോപ്പിലെ ഏറ്റവും മികച്ച ടീമിനെതിരെയുള്ള ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ മറികടന്ന രീതിയും നല്ലതായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഈ വിജയം നേടിയെടുത്തതെങ്കിലും ഇനിയൊരു മത്സരത്തിന്റെ തൊണ്ണൂറു മിനുട്ട് കൂടി കളിക്കാനുണ്ട്. ആദ്യപാദം അനുകൂലമായിരുന്നെങ്കിലും രണ്ടാം പാദം കൂടുതൽ കടുപ്പമായിരിക്കും."

"ബാഴ്‌സലോണക്കെതിരായ ആദ്യപാദ മത്സരത്തിൽ നിന്നും വളരെ വ്യത്യസ്തമായ റിസൾട്ടാണ് ലഭിച്ചിരിക്കുന്നത്. വളരെ ചെറിയ മുൻ‌തൂക്കം മാത്രമേ ടീമിനുള്ളു. അതുകൊണ്ടു തന്നെ ബാഴ്‌സക്കെതിരായ രണ്ടാം പാദ മത്സരത്തേക്കാൾ മികച്ച പ്രകടനം നടത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്." ആർഎംസി സ്പോർട്ടിനോട് പോച്ചട്ടിനോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ആദ്യപാദം 4-1നു വിജയിച്ച പിഎസ്‌ജിക്കെതിരെ രണ്ടാം പാദത്തിൽ ബാഴ്‌സലോണ മികച്ച പ്രകടനം നടത്തിയെങ്കിലും ലഭിച്ച അവസരങ്ങൾ അവർക്ക് മുതലെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇരുപാദങ്ങളിലുമായി 5-2 എന്ന സ്കോറിന്റെ ആനുകൂല്യത്തിൽ പിഎസ്‌ജി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

facebooktwitterreddit