"മെസി മറഡോണയുടെ തലത്തിലുള്ള താരം"- അടുത്ത സീസണിൽ വിമർശകരുടെ വായടപ്പിക്കാൻ മെസിക്കു കഴിയുമെന്ന് പോച്ചട്ടിനോ


ലയണൽ മെസി അർജന്റീനിയൻ ഇതിഹാസവും ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ ഡീഗോ മറഡോണയുടെ അതെ തലത്തിലുള്ള കളിക്കാരനാണെന്ന് പിഎസ്ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ഈ സീസണിൽ പ്രതിഭക്കനുസരിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന മെസി വരുന്ന സീസണിൽ കൂടുതൽ തിളങ്ങുമെന്ന പ്രതീക്ഷയും പോച്ചട്ടിനോ പ്രകടിപ്പിച്ചു.
ബാഴ്സലോണയുടെ മുഖമായി വളരെക്കാലം ഫുട്ബോൾ ലോകം ഭരിച്ചതിനു ശേഷം കഴിഞ്ഞ സമ്മർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസിക്ക് പക്ഷെ തന്റെ ഏറ്റവും മികച്ച പ്രകടനം അവിടെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. സീസണിൽ നാല് ഗോളുകൾ മാത്രം നേടിയ താരത്തിന് നിരവധി വർഷങ്ങൾ കളിച്ച ടീമിൽ നിന്നും മറ്റൊരു ടീമിലേക്ക് മാറിയതാണു തിരിച്ചടി നൽകിയതെന്നാണ് പോച്ചട്ടിനോ പറയുന്നത്.
Paris Saint-Germain (PSG) manager Mauricio Pochettino understands why Lionel Messi had an underwhelming first season in the French capital. https://t.co/XZuPIeogJd
— Sportskeeda Football (@skworldfootball) May 1, 2022
"നമ്മൾ ഒരു സാധാരണ കളിക്കാരനെക്കുറിച്ചല്ല പറയുന്നത്. മെസി ഡീഗോ മറഡോണയുടെ അതേ തലത്തിലുള്ള താരമാണ്. ബാഴ്സയിൽ നിന്നും പിഎസ്ജിയിലേക്കുള്ളത് ഒരു വലിയ മാറ്റം തന്നെയായിരുന്നു, അതിനു ഇണങ്ങിച്ചേരേണ്ടതും അത്യാവശ്യം തന്നെയായിരുന്നു. ഇരുപതു വർഷങ്ങളോളം കളിച്ച ബാഴ്സയിൽ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങൾ താരത്തെ ബാധിച്ചു. ബാഴ്സലോണയിൽ താരം ടീമിനെ നയിക്കുന്നയാളായിരുന്നു."
"മെസിയെ ഇത്തരത്തിൽ വിലയിരുത്തുന്നത് നീതിയല്ല. എനിക്ക് താരത്തിന്റെ നിലവാരത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. മെസിയുടെ അടുത്ത സീസൺ തീർത്തും വ്യത്യസ്തമായ ഒന്നായിരിക്കും. ഇതൊരു വർഷത്തെ മനസിലാക്കലാണ്, പാരീസിലേക്ക് വന്നതു കൊണ്ടുള്ള പ്രൊഫെഷണൽ തലത്തിൽ മാത്രമുള്ളതല്ല, പുതിയ ലീഗും പുതിയ സഹതാരങ്ങളുമായും കുടുംബം എന്ന നിലയിലുമെല്ലാമാണ്. അതെല്ലാം കണക്കിലെടുക്കണം, ഒരു താരത്തെ ഇതെല്ലാം ബാധിച്ചേക്കാം." പോച്ചട്ടിനോ ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.
സീസണിൽ ആകെ നാല് ലീഗ് ഗോളുകൾ മാത്രമേ മെസിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും പതിമൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയ അർജന്റീനിയൻ താരം ലീഗിലെ അസിസ്റ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. വെറും ഇരുപത്തിമൂന്നു മത്സരങ്ങൾ കളിച്ച് പതിനേഴു ഗോളുകളുടെ ഭാഗമായ താരം അടുത്ത സീസണിൽ തിളങ്ങുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.