കൂമാൻ അപമര്യാദ കാണിച്ചു, ബാഴ്സലോണ പരിശീലകനെതിരെ വിമർശനവുമായി പ്യാനിച്ച്


ബാഴ്സലോണയിൽ നിന്നും ലോൺ കരാറിൽ തുർക്കിഷ് ക്ലബായ ബെസിക്റ്റസിലേക്ക് ചേക്കേറിയതിനു പിന്നാലെ കൂമാനെതിരെ വിമർശനവുമായി ബോസ്നിയൻ മധ്യനിര താരം മിറാലം പ്യാനിച്ച്. ബാഴ്സലോണ പരിശീലകനു തന്നോടുള്ള സമീപനം അനാദരവ് നിറഞ്ഞതായിരുന്നുവെന്നും തനിക്കു ടീമിൽ ഇടമില്ലെന്ന കാര്യം മുഖത്തു നോക്കി പറയാൻ പോലും കൂമാൻ തയ്യാറായിരുന്നില്ലെന്നും പ്യാനിച്ച് പറഞ്ഞു.
യുവന്റസിൽ നിന്നും കഴിഞ്ഞ സീസണിനു മുന്നോടിയായാണ് പ്യാനിച്ച് ബാഴ്സയിലേക്ക് ചേക്കേറിയത്. ബ്രസീലിയൻ താരമായ ആർതറിനെ പകരം നൽകി ടീമിലെത്തിച്ച ബോസ്നിയൻ മിഡ്ഫീൽഡർ യുവന്റസിന്റെ പ്രധാന താരമായിരുന്നു എങ്കിലും കൂമാനു കീഴിൽ സ്ഥിരം ബെഞ്ചിലായിരുന്നു. ഇതേത്തുടർന്നാണ് പ്യാനിച്ച് ബെസിക്റ്റസിലേക്ക് ചേക്കേറിയത്.
Miralem Pjanic did not hold back about his time under Ronald Koeman ? pic.twitter.com/S83b2Bl5Zd
— B/R Football (@brfootball) September 4, 2021
സ്പാനിഷ് മാധ്യമം മാർക്കയോട് സംസാരിക്കുമ്പോൾ പരിശീലകൻ തന്നോട് അനാദരവ് കാണിച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്യാനിച്ച്. "അതുണ്ടായിരുന്നു. അവസാന വർഷമുണ്ടായ സംഭവങ്ങളുമായി എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. അതെനിക്ക് ആവശ്യവുമില്ല. ഞാനൊരു കളിക്കാരനാണ്, ഫുട്ബോൾ കളിക്കാനിഷ്ടമുള്ള എനിക്ക് സന്തോഷം പകരുന്നത് അതു തന്നെയാണ്."
"ഒരു സമയത്ത് എനിക്ക് കളിക്കാനാവസരം കുറവായിരുന്നു, കാര്യങ്ങൾ സങ്കീർണമായി. അവസരങ്ങൾ കുറഞ്ഞത് എന്നെ ശാരീരികമായും മാനസികമായും ബാധിച്ചു. അതെന്റെ ആത്മവിശ്വാസത്തെയും ബാധിക്കുന്നതായിരുന്നു, കാരണം കൂമാനുമായി യാതൊരു തരത്തിലുള്ള ആശയവിനിമയവും എനിക്കുണ്ടായിരുന്നില്ല."
"വളരെ വിചിത്രമായിരുന്നു കാര്യങ്ങൾ. കാരണം പരിശീലകനാണ് ആരാണ് കളിക്കേണ്ടതെന്നും ആരാണ് ഒഴിവാക്കപ്പെടേണ്ടതെന്നു തീരുമാനിക്കുന്നതെങ്കിലും അതിനു വ്യത്യസ്തമായ മാർഗങ്ങളുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ ഞാനെല്ലാം സ്വീകരിക്കുന്നതിനു തയ്യാറാണെങ്കിലും കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്നതാണ് നല്ലത്. എനിക്ക് പതിനഞ്ചു വയസാണെന്നതു പോലെ കരുതി ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിലല്ല അതു ചെയ്യേണ്ടത്." പ്യാനിച്ച് പറഞ്ഞു.
ബാഴ്സലോണയിൽ ചേർന്നതിൽ തനിക്ക് നിരാശയില്ലെന്നും പ്യാനിച്ച് വ്യക്തമാക്കി. കരിയർ വളരെയധികം പോരാടി ഉയർത്തിയെടുത്ത താൻ യുവന്റസിന്റെയും ബാഴ്സയുടെയും നിലവാരത്തിലേക്ക് എത്തിയെന്നു പറഞ്ഞ താരം ബാഴ്സക്കു വേണ്ടി കളിക്കാൻ തനിക്ക് കഴിയുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ മത്സരിക്കാനും ടീമിനൊപ്പം ചേരാനും അവരെ സഹായിക്കാനും അവസരങ്ങൾ ലഭിച്ചില്ലെന്നും പ്യാനിച്ച് വെളിപ്പെടുത്തി.