Football in Malayalam

ചാമ്പ്യൻസ് ലീഗ് സ്വപ്‌നമവസാനിച്ച് യുവന്റസ്; പരിശീലകസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന ഭയമില്ലെന്ന് പിർലോ

Sreejith N
Juventus v FC Porto  - UEFA Champions League Round Of 16 Leg Two
Juventus v FC Porto - UEFA Champions League Round Of 16 Leg Two / Jonathan Moscrop/Getty Images
facebooktwitterreddit

പോർട്ടൊക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞെങ്കിലും എവേ ഗോളുകളിൽ ടൂർണമെന്റിൽ നിന്നും പുറത്തായ യുവന്റസ് തന്നെ പരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കുമെന്ന പേടിയില്ലെന്ന് പരിശീലകൻ ആന്ദ്രേ പിർലോ. അൻപത്തിനാലാം മിനുട്ടിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ പോർട്ടൊക്കെതിരെ അധിക സമയം വരെ നീണ്ടു നിന്ന മത്സരത്തിൽ 3-2ന്റെ വിജയം യുവന്റസ് നേടിയെങ്കിലും ആദ്യപാദത്തിൽ പോർട്ടോയുടെ മൈതാനത്തു വഴങ്ങിയ 2-1ന്റെ തോൽവി തിരിച്ചടിയാവുകയായിരുന്നു.

അധികസമയത്തേക്ക് മത്സരം നീളുമ്പോൾ ഇരുപാദങ്ങളിലുമായി 3-3 എന്ന സ്കോറിൽ സമനിലയിൽ നിൽക്കുകയായിരുന്നു ഇരുടീമുകളും. എന്നാൽ എക്‌സ്ട്രാ ടൈമിൽ സെർജിയോ ഒലിവേരയുടെ ഫ്രീകിക്കിലൂടെ പോർട്ടോ നിർണായകമായ എവേ ഗോൾ നേടിയതോടെ അതിനു ശേഷം റാബിയോട്ട് നേടിയ ഗോളിന് ഫലമില്ലാതാവുകയും രണ്ട് എവേ ഗോളുകൾ നേടിയതിന്റെ പിൻബലത്തിൽ പോർട്ടോ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയുമായിരുന്നു.

കഴിഞ്ഞ സീസണിൽ ക്ലബിന്റെ പരിശീലകനായിരുന്ന സാറിയെ ചാമ്പ്യൻസ് ലീഗ് തോൽവിക്കു പിന്നാലെ ഒഴിവാക്കിയതിനെ കുറിച്ചു സൂചിപ്പിച്ചപ്പോഴാണ് പിർലോ തന്റെ അഭിപ്രായം പറഞ്ഞത്. "മൗറീസിയോ സാറിയെ ഒഴിവാക്കിയത് എന്തിനാണെന്ന് എനിക്കറിയില്ല. ഞാനാണ് യുവന്റസിന്റെ പരിശീലകൻ, വളരെ വിപുലമായ ഒരു പദ്ധതിക്കു വേണ്ടിയാണ് എന്നെ നിയമിച്ചത്. ഈ പ്രോജക്ട് വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചെടുക്കേണ്ടതാണെന്നതുകൊണ്ടു തന്നെ പുറത്താക്കലിനെ കുറിച്ച് എനിക്ക് ആശങ്കയില്ല."

"ചാമ്പ്യൻസ് ലീഗിൽ തുടരാൻ എനിക്ക് താൽപര്യമുണ്ടെങ്കിലും ആഴ്ചയിലുടനീളം പരിശീലനം നൽകുന്നതിൽ ഞാൻ സന്തുഷ്ടനല്ല. ഇപ്പോഴത്തെ സാഹചര്യം വെച്ച് വിവിധ വശങ്ങളെ പരിശീലനം കൊണ്ട് മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് കഴിയും. ഈ സീസണിൽ ഇതുവരെ ഞങ്ങൾക്ക് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല, അതു മെച്ചപ്പെടുത്താനുള്ള അവസരമാണിത്," പിർലോ സ്കൈ സ്പോർട്സ് ഇറ്റാലിയയോട് പറഞ്ഞു.

ഇറ്റലിയിൽ മോശം ഫോമിൽ മുന്നോട്ടു പോകുന്ന യുവന്റസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ ചാമ്പ്യൻസ് ലീഗ് തോൽവി. ക്ലബിന്റെ ഇതിഹാസ താരമായിരുന്നെങ്കിലും പരിശീലകനെന്ന നിലയിൽ ടീമിനു സ്ഥിരതയാർന്ന പ്രകടനം നൽകാൻ കഴിയാത്ത പിർലോയുടെ ഭാവി നിലവിലെ സാഹചര്യത്തിൽ അത്ര ഭദ്രമല്ലെന്നതു വ്യക്തമാണ്.

facebooktwitterreddit