Juventus News

സീസണിലെ അവസാന മത്സരത്തിൽ റൊണാൾഡോയെ ഇറക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ആന്ദ്രേ പിർലോ

Sreejith N
Bologna FC v Juventus - Serie A
Bologna FC v Juventus - Serie A / Danilo Di Giovanni/Getty Images
facebooktwitterreddit

ബൊളോഗ്‌നക്കെതിരായ അവസാന സീരി എ മത്സരം വിജയിച്ചാലേ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ നേരിയ സാധ്യതയുള്ളൂ എന്ന സാഹചര്യത്തിൽ മികച്ച പ്രകടനം നടത്തിയ യുവന്റസ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മറുവശത്ത് യുവന്റസിനു ഭീഷണിയായിരുന്ന നാപ്പോളി ഹെല്ലാസ് വെറോണയുമായി സമനിലയിൽ കുരുങ്ങിയതോടെ നാലാം സ്ഥാനക്കാരായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും പിർലോക്കും സംഘത്തിനുമായി.

അതേസമയം മത്സരത്തിനു മുൻപു തന്നെ ശ്രദ്ധിക്കപ്പെട്ടത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇടം പിടിച്ചില്ലെന്നതാണ്. ഈ സീസണിൽ യുവന്റസിന്റെ അവസാന മത്സരമായിരുന്നിട്ടു കൂടി പോർച്ചുഗൽ സൂപ്പർതാരത്തെ അവസാനം വരെ പകരക്കാരുടെ ബെഞ്ചിലിരുത്തുകയാണ് പിർലോ ചെയ്‌തത്‌. മത്സരത്തിനു ശേഷം ഇതിന്റെ കാരണവും യുവന്റസ് പരിശീലകൻ വെളിപ്പെടുത്തി.

"അത് ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. ബുധനാഴ്‌ച്ചത്തെ മത്സരത്തിനു ശേഷം റൊണാൾഡോ തളർച്ചയുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ മറ്റൊരു മികച്ച താരമായ മോറോട്ടയെ ഞാൻ കളത്തിലിറക്കി. റൊണാൾഡോ ലഭ്യമായിരുന്നെങ്കിലും മികച്ചൊരു സ്‌ക്വാഡുള്ളതു കൊണ്ട് എനിക്ക് നിരവധി താരങ്ങളെ തിരഞ്ഞെടുക്കാൻ കഴിയും." പിർലോ പറഞ്ഞു.

അടുത്ത സീസണിലും യുവന്റസ് പരിശീലക സ്ഥാനത്ത് തുടരാനാകുമെന്ന പ്രതീക്ഷയും പിർലോ പ്രകടിപ്പിച്ചു. "എന്നെ സംബന്ധിച്ച് ജോലി പൂർത്തിയാക്കുക പ്രധാനമായിരുന്നു. പ്രധാന ലക്ഷ്യങ്ങളായിരുന്ന കോപ്പ ഇറ്റാലിയ കിരീടവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയെടുക്കാൻ കഴിഞ്ഞു. ഞാൻ പൂർണ ആത്മാർത്ഥതയോടെ ജോലി ചെയ്‌തതിന്റെ ഫലമിതാണ്. എന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടവർക്ക് അത് ചെയ്യാം."

"അടുത്ത സീസണിലും യുവന്റസ് ബെഞ്ചിൽ ഞാനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്കത് ഉറപ്പിച്ചു പറയാൻ കഴിയും, എന്നാൽ ഇപ്പോൾ ഞങ്ങൾ ഈ നേട്ടങ്ങളെ ആസ്വദിക്കുകയാണ് വേണ്ടത്." പിർലോ വ്യക്തമാക്കി.

റൊണാൾഡോക്ക് പകരമിറങ്ങിയ മൊറാട്ട ഇന്നലെ ഇരട്ടഗോളുകൾ നേടിയപ്പോൾ ഫെഡറികോ ചിയേസ, അഡ്രിയാൻ റാബിയറ്റ് എന്നിവരാണ് മറ്റു ഗോളുകൾ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയും കോപ്പ ഇറ്റാലിയ കിരീടവും സ്വന്തമാക്കിയതോടെ അടുത്ത സീസണിൽ പിർലോ പരിശീലകസ്ഥാനത്ത് തുടരാനുള്ള സാധ്യതയുണ്ട്.

facebooktwitterreddit