Football in Malayalam

സ്വമേധയാ ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറായ ഏക ബാഴ്സലോണ താരം അദ്ദേഹം; വെളിപ്പെടുത്തലുമായി മുൻ ബോർഡ് മെമ്പർ

Gokul Manthara
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന എഫ് സി ബാഴ്സലോണ തങ്ങളുടെ താരങ്ങളോട് ശമ്പളം വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ഫുട്ബോൾ ലോകത്ത് പരസ്യമാണ്.‌ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിന് ക്ലബ്ബിന്റെ ഇപ്പോളത്തെ വേതനബിൽ കുറക്കേണ്ടത് അനിവാര്യമായ കറ്റാലൻ ക്ലബ്ബ് കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിഫലം കുറക്കുന്ന കാര്യത്തിൽ തങ്ങളുടെ താരങ്ങളുമായി ചർച്ചയിലാണ്. ഇതിഹാസ താരം ലയണൽ മെസി ഇക്കുറി ക്ലബ്ബ് വിടാൻ നിർബന്ധിതനായതിനും ഈ ഉയർന്ന വേതന ബില്ലിന് പങ്കുണ്ട്.

ശമ്പളം വെട്ടിക്കുറക്കുന്ന കാര്യത്തിൽ തങ്ങളുടെ താരങ്ങളുമായി ബാഴ്സലോണ നിരന്തരം സംസാരിക്കുന്നുണ്ടെങ്കിലും ഇതു വരെ തന്റെ ഇഷ്ടപ്രകാരം ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറായ ഏക കളികാരൻ ജെറാർഡ് പിക്വെ ആണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ക്ലബ്ബിന്റെ മുൻ ബോർഡംഗമായിരുന്ന ജൗമേ ലോപിസ്. ലയണൽ മെസിയുടെ കാര്യം ബാഴ്സലോണ പ്രസിഡന്റ് ജോവൻ ലപ്പോർട്ട കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് ബാഴ്സലോണ ബോർഡിൽ നിന്ന് രാജി വെച്ച ലൗമേ, കഴിഞ്ഞ‌ ദിവസം സ്പാനിഷ് മാധ്യമമായ എൽ ആർഗ്യുറോയോട് സംസാരിക്കവെയായിരുന്നു ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്.

ലാലീഗയുടെ നിയന്ത്രണങ്ങൾ അനുസരിച്ച് ഒരു ക്ലബ്ബിന്റെ വേതന ബിൽ അവരുടെ ടേൺ ഓവറിന്റെ 70 ശതമാനം ആയിരിക്കണമെന്നാണ് ദി ഇൻഡിപെൻഡന്റ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മെസി ക്ലബ്ബ് വിട്ടതിന് ശേഷവും ബാഴ്സലോണയുടെ വേതന ബിൽ‌ 95 ശതമാനമാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഈ വാർത്തകൾ സത്യമാണെങ്കിൽ ബാഴ്സലോണക്ക് തങ്ങളുടെ വേതനബിൽ ലാലീഗ അനുവദിക്കുന്ന കണക്കിലേക്ക് എത്തിക്കാൻ ഇനിയും ഏറെ കഷ്ടപ്പെടേണ്ടി വരും.

അതേ സമയം വേതനബില്ലിൽ കുറവ് വരുത്താതെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ അഗ്യൂറോ, ഡീപേ തുടങ്ങിയ കളികാരെ രെജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന അവസ്ഥയാണ് കറ്റാലൻ ക്ലബ്ബ് നിലവിൽ നേരിടുന്നത്. പിക്വെയെപ്പോലെ കൂടുതൽ താരങ്ങൾ ശമ്പളം കുറക്കാൻ തയ്യാറായി മുന്നോട്ടു വന്നില്ലെങ്കിൽ അത് കൊണ്ടു തന്നെ ബാഴ്സലോണ വലിയ പ്രതിസന്ധിയിലേക്കാവും ഇക്കുറിയെത്തുക എന്നത് ഉറപ്പ്.

facebooktwitterreddit