സാഹചര്യങ്ങളും ബാഴ്‌സലോണയും മാറി, എൽ ക്ലാസിക്കോ റയലിന് എളുപ്പമാകില്ലെന്ന മുന്നറിയിപ്പു നൽകി പിക്വ

Sevilla v FC Barcelona - La Liga Santander
Sevilla v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ഈ സീസണിലെ രണ്ടാമത്തെ എൽ ക്ലാസിക്കോ മത്സരം നാളെ രാത്രി നടക്കാനിരിക്കെ ആരാധകർ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യത്തെ എൽ ക്ലാസിക്കോ ലാ ലീഗയിൽ ആയിരുന്നെങ്കിൽ നാളെ നടക്കാനിരിക്കുന്നത് സ്പാനിഷ് സൂപ്പർകപ്പ് സെമി ഫൈനൽ പോരാട്ടമാണ്. സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് മത്സരം നടക്കുന്നത്.

വലിയ പ്രതിസന്ധികളോടെ ഈ സീസൺ തുടങ്ങിയ ബാഴ്‌സക്ക് ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി നേരിടേണ്ടി വന്നിരുന്നു. എന്നാൽ സാഹചര്യങ്ങളും ബാഴ്‌സയും ഇപ്പോൾ മാറിയിട്ടുണ്ടെന്നും നാളത്തെ മത്സരം റയലിന് എളുപ്പമാകില്ലെന്നുമുള്ള മുന്നറിയിപ്പു നൽകിയിരിക്കയാണ് കാറ്റലൻ ക്ലബിന്റെ പ്രതിരോധതാരമായ ജെറാർഡ് പിക്വ.

"അവർ മൂന്നു പോയിന്റും നേടിയെന്നത് നിരാശയായിരുന്നു. സെർജിനോ ഡെസ്റ്റിന്റെ ആക്ഷൻ ഞാൻ ഓർക്കുന്നു, അവർ ആദ്യത്തെ മുന്നേറ്റം സംഘടിപ്പിച്ച നീക്കത്തിൽ തന്നെ ഗോൾ നേടി മുന്നിലെത്തിയിരുന്നു. ആ സമയത്ത് ഞങ്ങൾ വളരെയധികം ബാധിക്കപ്പെട്ടിരുന്നു, എന്നാൽ സാഹചര്യങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‌തമാണ്‌." പിക്വ മൂവീസ്‌റ്റാറിനോട് പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

"കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം ആയതിനാൽ തന്നെ ഞങ്ങൾ തുല്യതയോടെ പൊരുതണം, മുൻപ് ചെയ്‌തതു പോലെ തന്നെ. കിരീടമുയർത്താൻ ഞങ്ങൾക്ക് പ്രചോദനമുണ്ട്. സെമി ഫൈനൽ എൽ ക്ലാസിക്കോ ആയതിനാൽ തന്നെ മത്സരം ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും. എന്നാൽ ഞങ്ങൾ നല്ലൊരു സമയത്താണ് ഇപ്പോഴുള്ളത്, ഞങ്ങൾ മെച്ചപ്പെട്ടു കൊണ്ടിരിക്കയാണ്. മികച്ച പ്രകടനം നടത്താനും ഫൈനലിലേക്ക് മുന്നേറാനും കഴിയുമെന്ന പ്രതീക്ഷ എനിക്കുണ്ട്."

റയൽ മാഡ്രിഡ് ടീം വളരെ കരുത്തുറ്റതാണെന്നും പിക്വ പറഞ്ഞു. വളരെക്കാലമായി ഒരുമിച്ച് കളിക്കുന്ന, പരസ്‌പരം നന്നായി അറിയുന്ന മധ്യനിരതാരങ്ങളായ മോഡ്രിച്ച്, ക്രൂസ്, കസമീറോ എന്നിവരും മുന്നേറ്റനിരയിൽ തകർപ്പൻ പ്രകടനം നടത്തുന്ന വിനീഷ്യസും ബെൻസിമയും അവർക്ക് പിന്തുണ നൽകുന്ന പ്രതിരോധവും റയലിനെ വളരെ കെട്ടുറപ്പുള്ള ടീമാക്കി മാറ്റുന്നുവെന്ന് പിക്വ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.