സ്പാനിഷ് സൂപ്പർകപ്പ് സൗദിയിൽ നടത്തുന്നതിലൂടെ പിക്വക്ക് ലഭിക്കുന്നത് നാല് മില്യൺ യൂറോ, കരാർ സംഭാഷണങ്ങൾ പുറത്ത്


സ്പാനിഷ് സൂപ്പർകപ്പ് മത്സരങ്ങൾ സൗദി അറേബ്യയിൽ വെച്ചു സംഘടിപ്പിക്കുന്നതിലൂടെ ബാഴ്സലോണ പ്രതിരോധതാരം ജെറാർഡ് പിക്വയുടെ കമ്പനിയായ കോസ്മോസ് കമ്മീഷൻ പറ്റിയെന്ന് ആരോപണം. സ്പാനിഷ് മാധ്യമമായ എൽ കോൺഫിഡൻഷ്യലാണ് പിക്വയും സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ റൂബിയാലസും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും വിവരങ്ങളും പുറത്തു വിട്ടത്.
സ്പാനിഷ് സൂപ്പർകപ്പിന്റെ ഓരോ എഡിഷനിലും നാൽപതു മില്യൺ യൂറോ വീതം ലഭിക്കുന്ന കരാറിലാണ് സ്പാനിഷ് ഫുട്ബോൾ ഫുട്ബോൾ ഫെഡറേഷൻ ഒപ്പു വെച്ചിരിക്കുന്നതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിലെ ഓരോ എഡിഷനിലും നാല് മില്യൺ യൂറോ വീതം ലഭിക്കുന്ന പിക്വയുടെ കമ്പനിയായ കോസ്മോസ് ആറു വർഷം കൊണ്ട് 24 മില്യൺ യൂറോയാണ് സൗദി അറേബ്യയിലേക്ക് ടൂർണമെന്റ് മാറ്റിയതിലൂടെ നേടുക.
This is remarkable. Gerard Pique, a current player, appears to be a business partner of the Spanish FA in selling rights to Spain’s Super Cup to Saudi Arabia. https://t.co/l1oErJTBw3
— tariq panja (@tariqpanja) April 18, 2022
റയൽ മാഡ്രിഡ് സ്പെയിനിനു പുറത്ത് എട്ടു മില്യണിൽ കുറഞ്ഞ തുകക്ക് കളിക്കില്ലെന്ന് റൂബിയാലസ് അറിയിച്ചപ്പോൾ പണത്തിന്റെ കാര്യമാണെങ്കിൽ എട്ടു മില്യൺ യൂറോ റയൽ മാഡ്രിഡിനും എട്ടു മില്യൺ യൂറോ ബാഴ്സലോണക്കും ഇതിൽ നിന്നും നൽകാമെന്നും മറ്റു ടീമുകൾക്ക് രണ്ടു മില്ല്യൻ യൂറോ, ഒരു മില്യൺ യൂറോ എന്നിങ്ങനെ നൽകാമെന്നും പിക്വ നിർദ്ദേശം നൽകുന്നുണ്ട്.
ആറു മില്യൺ യൂറോ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ലഭിക്കുമെന്നും സ്പെയിനിൽ വെച്ച് ഈ ടൂർണമെന്റ് നടത്തിയാൽ മൂന്നു മില്യൺ യൂറോ പോലും ലഭിക്കില്ലെന്നും പിക്വ പറയുന്നു. റയൽ മാഡ്രിഡ് വരില്ലെന്നു പറഞ്ഞ് കൂടുതൽ തുക നൽകാൻ സൗദി അറേബ്യക്കു മേൽ സമ്മർദ്ദം ചെലുത്തണമെന്നും പിക്വ പറഞ്ഞെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കരാർ പൂർത്തിയായപ്പോൾ റൂബിയാലസ് പിക്വയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം എത്തിക്സ് കോഡിന്റെ ഭാഗമായി ഈ തുക പിക്വയുടെ കമ്പനി നേരിട്ട് സ്പാനിഷ് ഫുട്ബോൾ അസോസിയേഷനിൽ നിന്നും കൈപ്പറ്റുകല്ലെന്നും റിപ്പോർട്ട് പറയുന്നു. നിരവധി ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പിക്വ റാക്കുട്ടനെ ബാഴ്സലോണയുടെ സ്പോൺസറായി കൊണ്ടു വരുന്നതിൽ പങ്കു വഹിച്ചിരുന്നു. ഇതിനു പുറമെ പുതിയ ഡേവിസ് കപ്പ് നടത്താൻ ശ്രമം നടത്തുന്ന താരം എഫ്സി അണ്ടോറയെന്ന ഫുട്ബോൾ ക്ലബിനെയും വാങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.