FC Barcelona News

'ഫുട്ബോൾ ആരാധകരുടേത്' - സൂപ്പർലീഗിനെതിരെ നിലപാടെടുത്ത് പിക്വ

Sreejith N
FC Barcelona v Sevilla - Spanish Copa del Rey
FC Barcelona v Sevilla - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാപക വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമർശകർക്കൊപ്പം ചേർന്ന് ബാഴ്‌സലോണ താരം ജെറാർഡ് പിക്വയും. ബാഴ്‌സലോണയടക്കമുള്ള മൂന്നു ലാ ലിഗ ക്ലബുകൾ ഇപ്പോഴും സൂപ്പർ ലീഗിന്റെ ഭാഗമാണെങ്കിലും അതിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് പിക്വയുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്.

സൂപ്പർ ലീഗിനെതിരെ ആരാധകരും താരങ്ങളും തിരിയുകയും കനത്ത പ്രതിഷേധങ്ങൾ ഉയരുകയും ചെയ്‌തതോടെ ടൂർണമെന്റിൽ പങ്കെടുക്കാൻ തീരുമാനിച്ച ക്ലബുകൾ ഓരോന്നായി അതിൽ നിന്നു പിൻവാങ്ങി കൊണ്ടിരിക്കയാണ്. നേരത്തെ പന്ത്രണ്ടു ക്ലബുകൾ സൂപ്പർലീഗിൽ ചേർന്നെങ്കിലും അതിൽ പ്രീമിയർ ലീഗിൽ നിന്നുള്ള ആറു ക്ലബുകളും പിന്മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു.

ബാഴ്‌സലോണ അടക്കമുള്ള ക്ലബുകളുടെ ആരാധകരും സൂപ്പർലീഗിനെതിരെ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ടൂർണ്ണമെന്റിനെതിരെ പിക്വ രംഗത്തു വന്നത്. "ഫുട്ബോൾ ആരാധകരുടേതാണ്, ഇപ്പോഴത് മുൻപത്തേക്കാളും കൂടുതലുമാണ്," ബാഴ്‌സലോണ പ്രതിരോധതാരം ട്വിറ്ററിൽ കുറിച്ചു.

പ്രീമിയർ ലീഗ് ക്ലബുകൾ സൂപ്പർ ലീഗിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ബാഴ്‌സലോണ അടക്കമുള്ള സ്‌പാനിഷ്‌ ക്ലബുകളും ഇറ്റലിയിൽ നിന്നുള്ള ക്ലബുകളും ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ടൂർണമെന്റിൽ നിന്നും പിന്മാറാൻ ബാഴ്‌സലോണ ബോർഡ് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അത്ലറ്റികോ മാഡ്രിഡും ടൂർണമെന്റിൽ നിന്നു പിന്മാറുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. പിക്വ ഇതിനെതിരെ പ്രതികരിച്ചതോടെ സ്‌പാനിഷ്‌ മുൻനിര ക്ലബുകളിൽ കളിക്കുന്ന കൂടുതൽ താരങ്ങൾ ഇതിൽ നിന്നു പിന്മാറാൻ ക്ലബ് നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit