സ്‌ട്രൈക്കറായി കളിച്ചിരുന്നെങ്കിൽ സീസണിൽ പതിനഞ്ചു മുതൽ ഇരുപതു ഗോളുകൾ വരെ നേടുമായിരുന്നുവെന്ന് ജെറാർഡ് പിക്വ
By Sreejith N

സ്‌ട്രൈക്കറായാണ് താൻ കളിച്ചിരുന്നതെങ്കിൽ ഒരു സീസണിൽ പതിനഞ്ചു മുതൽ ഇരുപതു ഗോളുകൾ വരെ തനിക്ക് നേടാൻ കഴിയുമായിരുന്നുവെന്ന് ബാഴ്‌സലോണ പ്രതിരോധതാരം ജെറാർഡ് പിക്വ. നാപ്പോളിക്കെതിരായ യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ വിജയം നേടി അവസാന പതിനാറിൽ ഇടം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു പിക്വയുടെ പ്രതികരണം. മത്സരത്തിൽ ഒരു ഗോൾ താരം നേടിയിരുന്നു.
ബാഴ്‌സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്ന സമയത്താണ് ലീഡുയർത്തി പിക്വയുടെ ഗോൾ വന്നത്. ഡി ജോംഗ് എടുത്ത ഒരു കോർണറിനു ശേഷം പന്തു ലഭിച്ച താരം അത് മനോഹരമായി ഒരു കാലിൽ നിന്നും മറ്റേ കാലിലേക്ക് മറിച്ച് ഇടം കാലു കൊണ്ടുള്ള ഷൂട്ടിലൂടെ പോസ്റ്റിലേക്കു തിരിച്ചു വിടുകയായിരുന്നു. മത്സരം രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ വിജയിച്ചത്.
"ഞാനൊരു സ്‌ട്രൈക്കർ ആയിരുന്നെങ്കിൽ ഒരു സീസണിൽ പതിനഞ്ചു മുതൽ ഇരുപതു ഗോളുകൾ വരെ നേടുമെന്ന് എല്ലായിപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ പിൻനിരയിൽ ഞാൻ കളിക്കുന്ന സമയമെല്ലാം എനിക്ക് വളരെ സന്തോഷം നൽകുന്നുണ്ടെന്നതാണ് സത്യസന്ധമായ കാര്യം." പിക്വ മത്സരത്തിനു ശേഷം മൂവീസ്‌റ്റാറിനോട് പറഞ്ഞു. മത്സരത്തിൽ ബാഴ്‌സ നടത്തിയ മികച്ച പ്രകടനത്തിൽ താരം സന്തോഷവും രേഖപ്പെടുത്തി.
Pique: If I was a striker, I would score 15 goals a season! https://t.co/iKyQb9In48
— SPORT English (@Sport_EN) February 24, 2022
"ഞങ്ങൾ ഞങ്ങളുടെ അടിസ്ഥാനത്തിലേക്കു തിരിച്ചു പോയി. കഴിഞ്ഞ കുറച്ചു കാലമായി ഞങ്ങളത് ചെയ്‌തിരുന്നില്ല. ഇതെല്ലാവർക്കുമുള്ള സന്ദേശമാണ്, ഞങ്ങൾക്കും പുറത്തുള്ള ആളുകൾക്കും. മെല്ലെ മെല്ല ഞങ്ങൾ തിരിച്ചു വരികയാണ്." പിക്വ പറഞ്ഞു.
യൂറോപ്പിൽ കഴിഞ്ഞ കാലങ്ങളായി ബാഴ്‌സലോണ വളരെ മോശം പ്രകടനം നടത്തിയതിന്റെ ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്നും അതിൽ കുറച്ചു പേരെ മാത്രം പഴിക്കാൻ കഴിയില്ലെന്നും പറഞ്ഞ പിക്വ അതിനെയെല്ലാം മാറ്റിയെടുക്കാനുള്ള സമയം ഇപ്പോൾ ആരംഭിച്ചുവെന്നും പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.