ഈ സീസൺ അവസാനത്തേതായിരിക്കും, വിരമിക്കാനുള്ള സാധ്യത വെളിപ്പെടുത്തി ജെറാർഡ് പിക്വ


2021-22 സീസണു ശേഷം ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ബാഴ്സലോണ പ്രതിരോധതാരം ജെറാർഡ് പിക്വ. ലാ മാസിയ അക്കാദമിയിൽ തുടങ്ങി നാല് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതിനു ശേഷം 2008ൽ ബാഴ്സയിൽ തിരിച്ചെത്തിയ പിക്വ അന്നു ശേഷമിന്നു വരെ ക്ലബിന്റെ പ്രധാന താരമാണ്. ഇക്കാലയളവിൽ 598 മത്സരങ്ങൾ കളിച്ച താരം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
"ഞാൻ ബാഴ്സയിലാണ് റിട്ടയർ ചെയ്യുക. ഇതു ചിലപ്പോൾ അവസാനത്തെ സീസണാകാം. ഓരോ വർഷവുമാണ് ഞാൻ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ ഇവിടെയുണ്ടാകുമെന്ന് ഉറപ്പു പറയാൻ എനിക്കാവില്ല. എനിക്കെനി ബാഴ്സലോണയെ സഹായിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ ഞാൻ റിട്ടയർ ചെയ്യും." ലാ സൊറ്റാനയോട് പിക്വ പറഞ്ഞു.
Gerard Pique says he will retire at Barcelona ? pic.twitter.com/LXausGMGAm
— Goal (@goal) September 7, 2021
ബാഴ്സലോണയുടെ മുൻ പ്രസിഡന്റായ ബാർട്ടമോ ക്ലബിന്റെ ചരിത്രത്തിലെ മോശം പ്രസിഡന്റാണോയെന്ന ചോദ്യത്തിന് പിക്വയുടെ മറുപടി ഇങ്ങിനെയായിരുന്നു. "അദ്ദേഹം ഏറ്റവും മോശമാണോ എന്നെനിക്കറിയില്ല. എന്നാൽ എന്റെ സമയത്ത് ഉണ്ടായിരുന്നവരിൽ തീർച്ചയായും അദ്ദേഹം ലിസ്റ്റിലുണ്ട്. നമ്മളെല്ലാവരും പിഴവുകൾ വരുത്തും. പക്ഷെ ബാർട്ടമോവിന്റെ സമയത്ത് ബാഴ്സലോണ എത്തേണ്ടിയിടത്തായിരുന്നില്ല."
ലയണൽ മെസിയടക്കമുള്ള ചില പ്രധാന താരങ്ങളെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കേണ്ടി വന്നെങ്കിലും അടുത്ത അഞ്ചോ പത്തോ വർഷത്തേക്ക് ബാഴ്സലോണ മികച്ച ടീമായി തുടരുമെന്ന ആത്മവിശ്വാസവും പിക്വ പ്രകടിപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുമെത്തിയ എറിക് ഗാർസിയ വളരെ മികച്ച താരമായി ഉയർന്നു വരുമെന്നും പിക്വ വ്യക്തമാക്കി.
ബാഴ്സലോണയിൽ എത്തിയതിനു ശേഷം എട്ടു ലാ ലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ പിക്വ സ്പെയിൻ ദേശീയ ടീമിനൊപ്പം യൂറോ, ലോകകപ്പ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്പെയിൻ ടീമിൽ നിന്നും നേരത്തെ വിരമിച്ച പിക്വ ബാഴ്സയിൽ നിന്നും വിരമിക്കുകയാണെങ്കിൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കരിയറുകളിൽ ഒന്നാവും അവസാനിക്കുക.