Lionel Messi

സ്‌പാനിഷ്‌ സൂപ്പർകപ്പ് സൗദിയിലേക്ക് മാറ്റാൻ പിക്വയും റൂബിയാലസും മെസിയെ കരുവാക്കി

Sreejith N
Pique, Rubiales Used Messi To Move Spanish Super Cup To Saudi Arabia
Pique, Rubiales Used Messi To Move Spanish Super Cup To Saudi Arabia / Quality Sport Images/GettyImages
facebooktwitterreddit

സ്‌പാനിഷ്‌ സൂപ്പർ ലീഗ് മത്സരങ്ങൾ സൗദി അറേബ്യയിൽ വെച്ചു നടത്താനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിൽ പിക്വയുടെ കമ്പനിയായ കോസ്മോസ് കമ്മീഷൻ കൈപ്പറ്റിയെന്ന റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇപ്പോൾ പിക്വയും റൂബിയലാസും അതിനായി മെസിയെയും കരുവാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

രണ്ടു വർഷത്തോളമായി സൗദിയിൽ വെച്ചാണ് സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരങ്ങൾ നടക്കുന്നത്. ക്ലബുകൾക്കും സ്പാനിഷ് ഫുട്ബാൾ അസോസിയേഷനും കൂടുതൽ വരുമാനമുണ്ടാക്കുന്ന ഈ പദ്ധതിക്കായി ആറു വർഷത്തെ കരാർ നിലവിൽ വന്നതോടെ ഇരുപത്തിനാലു മില്യൺ യൂറോ പിക്വക്ക് കമ്മീഷൻ ഇനത്തിൽ ലഭിക്കും എന്നു വ്യക്തമായതിനു പിന്നാലെയാണ് മെസ്സിയെയും ഇതിനായി ഉപയോഗിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്.

എൽ കോൺഫിഡൻഷ്യൽ പുറത്തു വിട്ടതു പ്രകാരം മത്സരക്രമങ്ങളിൽ മാറ്റം വരുത്താനുള്ള സ്‌പാനിഷ്‌ ഫുട്ബോളേഴ്‌സ് അസോസിയേഷൻ (എഎഫ്ഇ) പ്രസിഡന്റ് ഡേവിഡ് അഗാൻസോയുടെ അനുമതിക്കു വേണ്ടിയാണ് മെസിയെ ഇവർ ഉപയോഗിച്ചത്. മറ്റൊരു ഫുട്ബോളെർസ് അസോസിയേഷനായ ഫുട്ബോളിസ്റ്റാസ് ഓണുമായി എഎഫ്ഇക്കുണ്ടായിരുന്ന സ്പർദ്ധയിൽ ഇവർക്കു പിന്തുണ നൽകുന്ന വീഡിയോ അയക്കാൻ മെസിയെ പിക്വ സമ്മതിപ്പിക്കുകയായിരുന്നു.

ഫോൺ സംഭാഷണങ്ങളിൽ ബാഴ്‌സലോണയിൽ നിന്നോ റയൽ മാഡ്രിഡിൽ നിന്നോ ഉള്ള ഒരു പ്രധാന താരം അഗാൻസോയോട് ഈ പദ്ധതി നല്ലതാണെന്നു പറഞ്ഞ് സമ്മതിപ്പിക്കാൻ റൂബിയാലസ് ആവശ്യപ്പെടുന്നുണ്ട്. ലയണൽ മെസി തങ്ങൾക്കൊപ്പമുണ്ടെന്നും താരത്തെക്കൊണ്ട് വീഡിയോ ചെയ്യിച്ച് ഇതു ബാഴ്‌സലോണ ടീമിലെ ക്യാപ്റ്റന്മാരുടെ സന്ദേശമാണെന്ന് അറിയിക്കാമെന്ന് പിക്വ അതിനു മറുപടിയും നൽകുന്നു.

അതേസമയം കരാറുമായി ബന്ധപ്പെട്ട് ചെയ്‌ത കാര്യങ്ങളെല്ലാം നിയമപരമായിരുന്നു എന്നാണു പിക്വ പറയുന്നത്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഈ റിപ്പോർട്ട് പുറത്തു വിടുമെന്ന് നേരത്തെ തന്നെ എൽ കോൺഫിഡൻഷ്യൽ അറിയിച്ചിരുന്നുവെന്നും തനിക്ക് മറച്ചു വെക്കാൻ ഒന്നുമില്ലെന്നും താരം പറയുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit