Football in Malayalam

ലയണൽ മെസി ബാഴ്‌സലോണ വിട്ടത് വലിയ തിരിച്ചടിയായി, സാവിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും പിക്വ

Sreejith N
Sevilla FC v FC Barcelona - La Liga Santander
Sevilla FC v FC Barcelona - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

ലയണൽ മെസിയുടെ അഭാവം ബാഴ്‌സലോണയെ എത്രത്തോളം ബാധിച്ചുവെന്നതിനെപ്പറ്റി തുറന്നു പറഞ്ഞ് ക്ലബിന്റെ പ്രതിരോധ താരമായ ജെറാർഡ് പിക്വ. അർജന്റീനിയൻ താരം ക്ലബ് വിട്ടത് കായികപരമായും വ്യക്തിപരമായും വളരെ കടുപ്പമേറിയ കാര്യമായിരുന്നുവെന്നും അതിനു ശേഷം ഈ സീസണിൽ ടീമിനു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നും പിക്വ പറഞ്ഞു.

"ഞങ്ങൾ പതിനാലു വയസു മുതൽ ഒരുമിച്ചു കളിച്ചിരുന്നതു കൊണ്ടു തന്നെ അതു വളരെ കടുപ്പമേറിയ കാര്യമായിരുന്നു. കായികപരമായ തലത്തിലും വ്യക്തിപരമായ തലത്തിലും അതു ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സീസണിന്റെ തുടക്കം മുതൽ ഒന്നും ശരിയായ രീതിയിൽ നടന്നതുമില്ല." എൽ ഹോർമിഗ്വേറൊ ടിവി ഷോയിൽ പിക്വ പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

"മെസിയെക്കുറിച്ചോർത്ത് എനിക്ക് സന്തോഷമുണ്ട്, ഏഴാമത്തെ ബാലൺ ഡി ഓർ നേട്ടം താരം എക്കാലത്തെയും മികച്ച താരം തന്നെയാണെന്നു തെളിയിച്ചു. പുതിയ രാജ്യത്തേക്കും പുതിയ സംസ്‌കാരത്തിലേക്കും പോയത് മെസിക്ക് ബുദ്ധിമുട്ടായിരിക്കും. പതിനേഴാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ എനിക്കും അത് സംഭവിച്ചിട്ടുണ്ട്. ലിയോ കുടുംബത്തിനൊപ്പം പോയപ്പോൾ ഞാൻ ഒറ്റക്കായിരുന്നു, പക്ഷെ അത് കടുപ്പം തന്നെയാണ്." പിക്വ പറഞ്ഞു.

പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത മുൻ സഹതാരം സാവിയെക്കുറിച്ചും പിക്വ സംസാരിച്ചു. "സാവി പരിശീലകനായി എത്തിയത് എനിക്കും സമ്മർദ്ദം വർധിപ്പിച്ചു, എനിക്കൊരിക്കലും സാവിയെ നിരാശപ്പെടുത്താനാവില്ല. ധാർമികമായി ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകണം, എന്റെ പ്രകടനം മികച്ചതല്ലെങ്കിൽ ഞാൻ അവനെ തോൽപ്പിച്ചതു പോലെ തോന്നും." പിക്വ പറഞ്ഞു.

ഈ സീസണു ശേഷം വിരമിച്ചേക്കുമെന്ന സൂചനകളും പിക്വ അഭിമുഖത്തിൽ നൽകി. ഒരു ഫുട്ബോൾ താരമെന്ന നിലയിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ജീവിതം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്നും താരങ്ങൾ അതിനു നേരത്തെ തയ്യാറായി വരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തനിക്ക് റിട്ടയര്മെന്റിനു ശേഷം പലതും ചെയ്യാനുണ്ടെന്നും പിക്വ കൂട്ടിച്ചേർത്തു.

facebooktwitterreddit