ടെലിവിഷൻ ഷോ ഒഴിവാക്കിയത് സാവി അറിഞ്ഞിട്ടു പോലുമില്ല, അതു തന്റെ മാത്രം തീരുമാനമെന്ന് പിക്വ


ബാഴ്സ പരിശീലകനായി സാവി ചുമതലയേറ്റതിനു പിന്നാലെ പങ്കെടുക്കേണ്ടിയിരുന്ന ടെലിവിഷൻ ഷോ ഒഴിവാക്കിയത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് ക്ലബിന്റെ പ്രതിരോധതാരം ജെറാർഡ് പിക്വ. സാവിക്ക് അക്കാര്യം അറിയുക പോലുമില്ലെന്നു പറഞ്ഞ പിക്വ, ബാഴ്സലോണ പരിശീലകൻ പുതിയ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.
റൊണാൾഡ് കൂമാനു പകരക്കാരനായി സാവി ബാഴ്സലോണ പരിശീലകനായതിനു ശേഷം ടീമിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കയാണ്. താരങ്ങളെ മികച്ചതാക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ സാവി, പിക്വയുടെ ടെലിവിഷൻ ഷോ ഒഴിവാക്കാൻ ആവശ്യപ്പെട്ടില്ലെങ്കിലും അദ്ദേഹം വരുത്തിയ മാറ്റങ്ങൾ തന്നെയാണ് അതിനു കാരണമായതെന്ന് പിക്വയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
Pique: Xavi didn't even know I had cancelled my visit to El Hormiguero https://t.co/qk8NDdyx2O
— SPORT English (@Sport_EN) November 16, 2021
"എൽ ഹോർമിഗുവേറോയിലേക്ക് പോകാനുള്ള തീരുമാനം ഞാൻ ഒഴിവാക്കിയെന്നത് സാവിക്ക് അറിയുക പോലുമില്ല. ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്നതാണ് മാധ്യമങ്ങൾ പറയുന്നത് എന്നതിനാൽ ഇതുപോലെയുള്ള കഥകളുണ്ടാവും. അവർ കാര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നതാണ് പ്രശ്നം," ട്വിച്ചിൽ സംസാരിക്കുന്നതിനിടെ പിക്വ പറഞ്ഞു.
"എൽ ഹോർമിഗുവേരോ എന്താണെന്ന് എനിക്ക് സാവിയോട് വിശദീകരിക്കേണ്ടി വന്നു. അഭിമുഖം റദ്ദാക്കിയത് ശരിയാണെന്നും എനിക്കു പറയേണ്ടി വന്നിരുന്നു. എന്നാൽ ഞാനത് റദ്ദാക്കിയത് എനിക്കങ്ങനെ തോന്നിയതു കൊണ്ടാണ്."
"കാരണം സാവി അവതരിപ്പിച്ച ചില നിയമങ്ങളുണ്ട്, നിങ്ങൾക്ക് യാത്ര ചെയ്യണമെങ്കിൽ അദ്ദേഹത്തോട് പറയണം. അവസാനം ഞാൻ തീരുമാനിച്ചത് ഇന്റർവ്യൂ റദ്ദാക്കാനാണ്, കാരണം അപ്പോഴെനിക്ക് അനുവാദം ചോദിക്കേണ്ടതില്ല, അത്രയേയുള്ളൂ." പിക്വ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.