സെർജി റോബർട്ടോയോടുള്ള ബാഴ്സലോണ ആരാധകരുടെ സമീപനം വേദനിപ്പിച്ചുവെന്ന് ജെറാർഡ് പിക്വ


ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സെർജി റോബർട്ടോയോടുള്ള ആരാധകരുടെ സമീപനം തന്നെ വേദനിപ്പിച്ചുവെന്ന് ബാഴ്സലോണ പ്രതിരോധതാരം ജെറാർഡ് പിക്വ. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽവി വഴങ്ങിയ മത്സരത്തിൽ ടീമിന്റെ നാലു നായകന്മാരിൽ ഒരാളായ സെർജി റോബർട്ടൊക്കെതിരെ ആരാധകർ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് പിക്വ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
വിങ് ബാക്കായി ഇറങ്ങിയ സെർജി റോബർട്ടോക്ക് കളിയിൽ യാതൊരു വിധ സ്വാധീനവും ചെലുത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് അൻപത്തിയൊമ്പതാം മിനുട്ടിൽ തന്നെ താരം പിൻവലിക്കപ്പെട്ടപ്പോൾ ആരാധകർ കൂക്കി വിളിക്കുകയും ചെയ്തു. എന്നാൽ മിഡ്ഫീൽഡറെന്ന തന്റെ സ്വാഭാവിക പൊസിഷനിൽ നിന്നും മാറിയാണ് റോബർട്ടോ കളിക്കുന്നതെന്ന് ആരാധകർ മനസിലാക്കണം എന്നാണു പിക്വ പറയുന്നത്.
Pique defends Sergi Roberto after fans whistled at him when he came off. pic.twitter.com/HPL9xJZtgR
— ESPN FC (@ESPNFC) September 14, 2021
"എനിക്കു സെർജി റോബർട്ടോയെ അറിയാം എന്നതു കൊണ്ടു തന്നെ ഇതെന്നെ വളരെയധികം വേദനിപ്പിക്കുകയുണ്ടായി. നല്ലൊരു മനുഷ്യനെന്നതിലുപരി മറ്റെല്ലാവരേക്കാളും ഈ ക്ലബ്ബിനെ താരം സ്നേഹിക്കുന്നുണ്ട്." മത്സരത്തിനു ശേഷം മൂവിസ്റ്റാറിനോട് സംസാരിക്കുമ്പോൾ പിക്വ പറഞ്ഞു.
"റോബർട്ടോ ഒരു ഫുൾ ബാക്കല്ലെന്നു കൂടി ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. മധ്യനിരയിൽ കളിക്കുന്ന മിഡ്ഫീൽഡറാണ് അദ്ദേഹം. ഈ പൊസിഷനിൽ കളിക്കുന്നതിനു വേണ്ടി ത്യാഗം സഹിച്ച താരം നിരവധി തവണ മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. ആളുകൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും വ്യക്തിപരമായി ചോദിച്ചാൽ ഇതെന്നെ വളരെ വേദനിപ്പിച്ചു." പിക്വ പറഞ്ഞു.
ബയേണിനെതിരായ മത്സരത്തോടെ യൂറോപ്പിൽ തുടർച്ചയായ മൂന്നാമത്തെ ഹോം മത്സരത്തിലാണ് ബാഴ്സലോണ തോൽക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങിനെയൊരു നാണക്കേടു ടീമിനു വന്നിരിക്കുന്നത്. ഇതിനു പുറമെ 2003-04 സീസണു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ കഴിഞ്ഞില്ലെന്നത് ബാഴ്സയുടെ പരിതാപകരമായ അവസ്ഥയെ വരച്ചു കാണിക്കുന്നു.