Football in Malayalam

ഹാലൻഡ് ബാഴ്‌സയിലെത്തുമെന്ന പ്രതീക്ഷയുണ്ട്, കരിയറിൽ മറ്റൊരു ടീമിനു വേണ്ടി കളിക്കില്ലെന്നും പിക്വ

Sreejith N
Davis Cup By Rakuten Finals 2021 Presentation
Davis Cup By Rakuten Finals 2021 Presentation / Carlos Alvarez/Getty Images
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ് ബാഴ്‌സലോണയിലേക്കു ചേക്കേറുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നു വ്യക്തമാക്കി ക്ലബിലെ പ്രതിരോധ താരമായ ജെറാർഡ് പിക്വ. കഴിഞ്ഞ രണ്ടു സീസണുകളായി യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയ പ്രകടനം കാഴ്‌ച വെച്ച നോർവേ താരത്തിൽ ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ടക്ക് താൽപര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുള്ളതിനു പിന്നാലെയാണ് താരം ക്ലബിലെത്തുമെന്ന പ്രതീക്ഷ പിക്വ പ്രകടിപ്പിച്ചത്.

ബാഴ്‌സലോണ പ്രസിഡന്റായ ലപോർട്ടയും ഹാലൻഡിന്റെ ഏജന്റായ മിനോ റയോളയും തമ്മിൽ മികച്ച ബന്ധമാണുള്ളത്. നിലവിൽ കറ്റാലൻ ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഒരു വമ്പൻ താരം അടുത്ത സീസണു മുന്നോടിയായി ടീമിലെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. അത് ഹാലാൻഡ് ആകുമോയെന്ന ഇബായ് ലാനോസ് എന്ന യൂട്യൂബറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിക്വ.

"എനിക്കതേക്കുറിച്ച് അറിയില്ല. പക്ഷെ താരം ബാഴ്‌സലോണയിൽ എത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. മികച്ച താരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടാവണം, എന്നാൽ അത് ക്ലബ് എടുക്കേണ്ട തീരുമാനമാണ്. അവർക്കതിനെക്കുറിച്ച് അറിയാം," പിക്വ വ്യക്തമാക്കി.

ബാഴ്‌സലോണയിലല്ലാതെ മറ്റൊരു ക്ലബിനു വേണ്ടി താൻ കളിക്കില്ലെന്നും പിക്വ വ്യക്തമാക്കി. "ഞാൻ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുന്ന ദിവസം ഞാൻ ഫുട്ബോളിൽ നിന്നും വിട പറയും. മറ്റൊരു ടീമിലേക്ക് ഞാൻ ഒരിക്കലും പോവില്ല."

ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയുമായി തനിക്ക് നേരത്തെ തന്നെ മികച്ച ബന്ധമുണ്ടെന്നും പിക്വ പറഞ്ഞു. ഒരേ തലമുറയിൽപ്പെട്ട താരങ്ങളായ തങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്‌പരം പിന്തുടരുന്നുണ്ടെന്നും മുൻപ് അണ്ടർ 20 ലോകകപ്പിൽ നേർക്കുനേർ കളിച്ചിട്ടുണ്ടെന്നും പിക്വ വ്യക്തമാക്കി. മെസി അഗ്യൂറോയെക്കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ടെന്നും പിക്വ കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit