Football in Malayalam

ബാഴ്‌സലോണയിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്നത് താനാണെന്ന റിപ്പോർട്ട് തെളിവു സഹിതം നിഷേധിച്ച് പിക്വ

Sreejith N
RCD Mallorca v FC Barcelona - La Liga Santander
RCD Mallorca v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

നിലവിൽ ബാഴ്‌സലോണയിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന താരം താനാണെന്ന റിപ്പോർട്ടിനെ തെളിവു സഹിതം നിഷേധിച്ച് പ്രതിരോധതാരം ജെറാർഡ് പിക്വ. സ്‌പാനിഷ്‌ ജേർണലിസ്റ്റായ ലൂയിസ് കാനുട്ടാണ് പിക്വയടക്കം ബാഴ്‌സലോണയിൽ ഉയർന്ന വേതനം വാങ്ങുന്ന താരങ്ങളുടെ പ്രതിഫലക്കണക്കുകൾ വെളിപ്പെടുത്തിയത്. ഏതാണ്ട് 28 മില്യൺ യൂറോയോളമാണ് പിക്വക്ക് പ്രതിവർഷം ബാഴ്‌സയിൽ നിന്നും ലഭിക്കുന്ന വേതനം എന്നായിരുന്നു ആ കണക്കുകൾ സൂചിപ്പിച്ചത്.

എന്നാൽ തന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌താണ്‌ ഇതിനെതിരെ പിക്വ പ്രതികരിച്ചത്. ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതു കാരണം ഈ സീസണിന്റെ തുടക്കത്തിൽ പിക്വ അടക്കമുള്ള ഏതാനും താരങ്ങൾ തങ്ങളുടെ ശമ്പളം അമ്പതു ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പിക്വ നൽകിയ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം ലൂയിസ് കാനുട്ട് നൽകിയ കണക്കിന്റെ പത്തിലൊന്നു മാത്രമാണ് പിക്വക്ക് വേതനമായി ലഭിക്കുന്നത്.

"ഇത്തരം ആളുകൾ പബ്ലിക്ക് ടെലിവിഷനിൽ വന്നിരിക്കുന്നതു തന്നെ തങ്ങളുടെ സുഹൃത്തുക്കളെ പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ്. ഞാൻ ഡിസംബർ വരെ നേടിയ അമ്പതു ശതമാനം പേറോൾ ഇതാ. അവനവനോട് അൽപ്പമെങ്കിലും ബഹുമാനം കാണിക്കുക." വെറും രണ്ടു മില്യൺ യൂറോയിൽ അധികമാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നു കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോസ്റ്റ് ചെയ്‌ത്‌ പിക്വ ട്വിറ്ററിൽ കുറിച്ചു.

പിക്വയുടെ വിമർശനത്തിന് മറ്റൊരു വശം കൂടിയുണ്ട്.സാവിക്കു മുൻപ് ബാഴ്‌സലോണ പരിശീലകനായിരുന്ന റൊണാൾഡ്‌ കൂമാന്റെ അടുത്ത സുഹൃത്താണ് ഈ കണക്കുകൾ പുറത്തു വിട്ട ലൂയിസ് കാനുട്ട്. റൊണാൾഡ്‌ കൂമാനെ ബാഴ്‌സലോണയിൽ നിന്നും ഒഴിവാക്കാൻ നിലവിലെ പ്രസിഡന്റായ യോൻ ലപോർട്ട അഭിപ്രായം തേടിയ ബാഴ്‌സലോണ താരങ്ങളിലൊരാൾ പിക്വ ആയിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം വിന്റർ ജാലകത്തിൽ ടീമിന്റെ ഭാഗമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരം ഫെറൻ ടോറസിനെ ഇതുവരെയും രെജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെന്നതാണ് ബാഴ്‌സലോണയുടെ നിലവിലെ അവസ്ഥ. നിലവിലുള്ള താരങ്ങളിൽ ഏതാനും പേരെ വിൽക്കാൻ കഴിഞ്ഞാൽ മാത്രമേ ഫെറൻ ടോറസിന്റെ സേവനം ബാഴ്‌സലോണക്ക് ലഭ്യമാകൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit